
കാസർകോട്: കന്നുകാലിക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ബായാറിലാണ് സംഭവം. പൈവള്ളികെ ആവളയിൽ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. പുനീത് എന്ന വ്യക്തിക്കെതിരെയും കണ്ടാലറിയുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസെടുത്തത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. നാലു കാളകളാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. രണ്ട് ബൈക്കുകളിലായി നാലംഗസംഘം പിക്കപ്പിനെ പിന്തുടർന്നതായി പരാതിയിൽ പറയുന്നു. ബൈക്കുകളിലൊന്ന് ഓവർടേക്ക് ചെയ്‌ത് പിക്കപ്പിന് മുന്നിൽ നിർത്തിയശേഷം അതിലുണ്ടായിരുന്ന രണ്ട് പേർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ അസഭ്യം പറഞ്ഞതായും വടികൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും പരാതിക്കാരൻ പറയുന്നു. കന്നുകാലികളെ അറവുശാലകളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമികളുടെ ഭീഷണി.
കാസർകോട് ജില്ലയിൽ നേരത്തെയും സമാനമായ സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |