SignIn
Kerala Kaumudi Online
Monday, 25 May 2026 6.54 AM IST

ഡിജിറ്റൽ റീസർവെ തുടരാൻ പുതിയ സർക്കാർ കനിയണം

a

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ തുടങ്ങിയ ഡിജിറ്രൽ റീസർവെ, പുതിയ സർക്കാർ കനിഞ്ഞില്ലെങ്കിൽ നിശ്ചലമാവും. ആദ്യഘട്ട സാമ്പത്തിക സഹായം നൽകിയ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ബാദ്ധ്യത മാർച്ച് 31 ന് അവസാനിച്ചു. സർവെ വകുപ്പിന് അനുവദിച്ചിട്ടുള്ള പ്ളാൻ ഫണ്ട് ഉപയോഗിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പണം ലഭിച്ചിട്ടില്ല.

2022 നവംബർ ഒന്നിന് തുടങ്ങി നാല് വർഷം കൊണ്ട് സംസ്ഥാനത്തെ 1555 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ നടപ്പാക്കാനായിരുന്നു പദ്ധതി. ഭൂമിയുടെ രേഖകളെല്ലാം ഡിജിറ്റലാക്കുകയും ഭൂവിസ്തൃതി സംബന്ധിച്ച ആധികാരിക രേഖ തയ്യാറാക്കുകയുമായിരുന്നു ലക്ഷ്യം. 858.42 കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘട്ടമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്ന് 438.46 കോടി രൂപയാണ് അനുവദിച്ചത്. 588 വില്ലേജുകളിലാണ് ഫീൽഡ് സർവെ ജോലികൾ തുടങ്ങിയത്. 365 വില്ലേജുകളിൽ ഫീൽഡ് സർവെ പൂർത്തിയാക്കി. 203 വില്ലേജുകളിൽ അതിരടയാള നിയമത്തിലെ 13 വിജ്ഞാപനം ( അന്തിമ വിജ്ഞാപനം) പ്രസിദ്ധീകരിച്ചു. 162 വില്ലേജുകളിൽ ഇതിന് തൊട്ടു മുമ്പുള്ള 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. 223 വില്ലേജുകളിൽ സർവ്വെ പുരോഗമിക്കുകയാണ്.

ഡിജിറ്റൽ സർവേ

ഡ്രോൺ സർവേ, റിയൽ ടൈം കൈൻമാറ്റിക് , റോവർ, ആർ.ടി.എസ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവേ. സംസ്ഥാനത്ത് 28 കോർസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. നാല് വർഷം കൊണ്ട് സർവേ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ നിയമിച്ചു.

ഫീൽഡ് ജോലികൾക്ക് താത്കാലിക ജീവനക്കാരുണ്ടെങ്കിലും ഇതിന് മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ ജോലികളുടെ തിരക്കിലായിരുന്നു. വിജ്ഞാപനം പ്രസിദ്ധീകരിച്ച വില്ലേജുകളിൽ റവന്യൂ, രജിസ്‌ട്രേഷൻ, സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ജനങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കാൻ എന്റെ ഭൂമി പോർട്ടൽ നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവെ പൂർത്തിയായ എല്ലാ വില്ലേജുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RESURVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA