SignIn
Kerala Kaumudi Online
Monday, 25 May 2026 10.03 AM IST

എൻ.ഡി.എ തിര. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി, എ ടീം ബി.ജെ.പി, കേരളത്തെ മാറ്റും

modi-1

പാലക്കാട്: കേരളത്തിലെ എ ടീമായി ബി.ജെ.പി മാറിയെന്നും മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റുകയും കൊള്ളയടിക്കുകയും ചെയ്തെന്ന ആരോപണവും പ്രധാനമന്ത്രി ഉയർത്തി.

മാറാത്തത് മാറും, കേരളം വളരും. വികസിത കേരളം മോദിയുടെ ഗ്യാരന്റിയാണെന്നും പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പതിറ്റാണ്ടുകളായി കേരളം ഇടതു- വലതു പാർട്ടികളുടെ വഞ്ചനയിൽപെട്ട് കിടക്കുകയാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നയങ്ങൾ വോട്ടുബാങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവർക്ക് ചിന്തയില്ല.

കോൺഗ്രസ് ബി.ജെ.പിയുടെ ബീ ടീമാണെന്ന് സി.പി.എം പറയുന്നു. സി.പി.എം ബി.ജെ.പിയുടെ ബീ ടീമാണെന്ന് കോൺഗ്രസും പറയുന്നു. എ ടീമായി ആരെങ്കിലും ഉണ്ടെങ്കിൽ അത് ബി.ജെ.പി മാത്രമാണെന്ന് ഇരുകൂട്ടരും സമ്മതിക്കുകയാണ്. റോഡ്, റെയിൽവേ വികസനം, ജൽ ജീവൻ മിഷൻ, പി.എം ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കായി നൽകിയ പണം ജനങ്ങളിലേക്ക് എത്തിയില്ല. ഇവർ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബി.ജെ.പിയെ മാത്രമാണ്. കേരളത്തിൽ എൻ.ഡി.എ സർക്കാർ വന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തും. ആയിരങ്ങൾ പങ്കെടുത്ത യോഗത്തിനുശേഷം മോദി തൃശൂരിലേക്ക് പോയി.

തൃശൂരിൽ തിടമ്പേറ്റി മോദി ഷോ

റോഡ്‌ ഷോയ്ക്ക് ആയിരങ്ങൾ

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണ പൂരത്തിന് തിടമ്പേറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ നടത്തിയ റോഡ് ഷോയിൽ ആവേശം കൊട്ടിക്കയറി. കാവിക്കൊടികളും തോരണങ്ങളും പല നിറത്തിലുള്ള പുഷ്പങ്ങളും പുലികളിയും കുമ്മാട്ടിയും കഥകളിയുമെല്ലാം നിരന്നപ്പോൾ സ്വരാജ് റൗണ്ടിലെ ഫുട്പാത്തിൽ ആയിരങ്ങളുടെ ആരവം.

വൈകിട്ട് 4.22 ന് കുട്ടനെല്ലൂർ ഗവ. കോളേജിലെ ഹെലിപാഡിലിറങ്ങിയാണ് സ്വരാജ് റൗണ്ടിലേക്ക് വാഹനത്തിലെത്തിയത്. 4.50 ഓടെ സ്വരാജ് റൗണ്ടിലെ ജനറൽ ആശുപത്രിക്ക് മുന്നിൽ നിന്ന് റോഡ് ഷോ തുടങ്ങി. ജയ് വിളികളുമായി സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം പുഷ്പവൃഷ്ടി നടത്തി. കാവിത്തൊപ്പിയും പാർട്ടി പതാകയിലെ നിറങ്ങളുള്ള ഷോളും അണിഞ്ഞ് വെളുത്ത ഷർട്ടും ധരിച്ചാണ് പുഷ്പങ്ങളാൽ അലങ്കരിച്ച തുറന്ന വാഹനത്തിൽ മോദി റോഡ് ഷോ നടത്തിയത്. സ്വരാജ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ പുലിക്കളി, കുമ്മാട്ടി, കഥകളി, വാദ്യമേളങ്ങൾ എന്നിവയുമായാണ് പ്രവർത്തകരെത്തിയത്.

മോദിക്കൊപ്പം മുകുന്ദനും

നാട്ടിക എം.എൽ.എയായിരിക്കെ സി.പി.ഐയിൽ നിന്ന് രാജിവച്ച് അവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സി.സി.മുകുന്ദനും റോഡ്ഷോയ്ക്ക് പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിൽ കയറി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ, മണലൂരിലെ സ്ഥാനാർത്ഥി കെ.കെ.അനീഷ് കുമാർ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ജില്ലയിലെ മറ്റ് എൻ.ഡി.എ സ്ഥാനാർത്ഥികളും റൗണ്ടിലെത്തി.

ബിനി ജംഗ്ഷൻ വരെ 900 മീറ്റർ ദൂരമായിരുന്നു റോഡ് ഷോ. 5.15 ന് റോഡ് ഷോ പൂർത്തിയാക്കി കുട്ടനെല്ലൂരിലെത്തി ഹെലികോപ്ടറിൽ കൊച്ചിയിലെത്തി ഡൽഹിയിലേക്ക് മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA