SignIn
Kerala Kaumudi Online
Monday, 25 May 2026 6.54 AM IST

എക്സൈസ് കമ്മിഷണർ പദവി, ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി

ias

തിരുവനന്തപുരം: കോടതി ഉത്തരവുണ്ടായിട്ടും എക്സൈസ് കമ്മിഷണറായി ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കാത്തതിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഐ.എ.എസ് അസോസിയേഷൻ. ഹർജി ഫയലിൽ സ്വീകരിച്ച കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിക്ക് നോട്ടീസയച്ചു.

ഐ.എ.എസ് കേഡർ തസ്തികകളിൽ ഐ.എ.എസുകാരെയേ നിയമിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ പദവിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.ആർ.അജിത്കുമാറിനെ നിയമിച്ചത് ട്രൈബ്യൂണൽ അസാധുവാക്കിയിരുന്നു. അജിത്തിനെ മാറ്റിയെങ്കിലും ഐ.പി.എസുദ്യോഗസ്ഥനായ അഡി.എക്സൈസ് കമ്മിഷണർ (അഡ്‌മിനിസ്ട്രേഷൻ) ജെ.കിഷോർകുമാറിനാണ് പകരംചുമതല നൽകിയത്.

കോടതി ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്കാണ് ചുമതലയെങ്കിലും നികുതി വകുപ്പിലെ അഡി.സെക്രട്ടറിയുടെ ഉത്തരവിലൂടെ എ.ഡി.ജി.പിയെ മാറ്റി എസ്.പിയെ നിയമിച്ചെന്നും ഐ.എ.എസുകാർ ചൂണ്ടിക്കാട്ടി. ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെ മാറ്റിയതെന്നാണ് നികുതിവകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാൽ,​ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് കോടതിയലക്ഷ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എക്സൈസ് കമ്മിഷണർ, ഐ.എം.ജി ഡയറക്ടർ ജനറൽ, കില ഡയറക്ടർ ജനറൽ എന്നിവ ഐ.എ.എസ് കേഡർ തസ്തികകളാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നുമായിരുന്നു ഉത്തരവ്. കേഡർ തസ്തികയായ ഗവർണറുടെ സെക്രട്ടറി പദവിയിൽ ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കണമെന്നും ചീഫ്സെക്രട്ടറിയോട് അസോസിയേഷൻ ആവശ്യപ്പെട്ടു. രാജ്ഭവനിലെ ഡെപ്യൂട്ടിസെക്രട്ടറിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഇത് പാടില്ലെന്നും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയടക്കം നടത്തേണ്ട ചുമതലയുള്ളതിനാൽ ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കണമെന്നുമാണ് ആവശ്യം.

ദേവേന്ദ്രകുമാർ ദൊഡാവത്ത് കേന്ദ്രവെയർഹൗസിംഗ് കോർപ്പറേഷനിൽ നിയമിതനായ ശേഷം ഗവർണറുടെ സെക്രട്ടറി പദവി മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലും ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA