SignIn
Kerala Kaumudi Online
Monday, 25 May 2026 8.37 AM IST

ഐ.എ.എസുകാർ അടിമകളല്ല, ഭീഷണി വിലപ്പോവില്ല, ആഞ്ഞടിച്ച് അശോക്

asok

തിരുവനന്തപുരം: ഐ.എ.എസുദ്യോഗസ്ഥർ ആരുടെയും അടിമകളല്ലെന്നും ഒപ്പംനിൽക്കാത്തവരെ പ്രതികാര മനോഭാവത്തോടെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും ശരിയാക്കിക്കളയുമെന്ന ഭീഷണിയാണെങ്കിൽ വിലപ്പോവില്ലെന്നും തുറന്നടിച്ച് പ്രിൻസിപ്പൽസെക്രട്ടറി ഡോ.ബി.അശോക്. തുടർഭരണത്തിനെതിരേ വിമർശിച്ചതിന് സസ്പെൻഡ് ചെയ്തതിനുപിന്നാലെ വസതിയിൽ നടത്തിയ അരമണിക്കൂർ ദൈർഘ്യമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ അശോക് ആഞ്ഞടിച്ചത്. പോവുന്നപോക്കിൽ തനിക്കെതിരേ നിറയൊഴിക്കുകയാണ് സർക്കാർ ചെയ്തതെന്നും സസ്പെൻഷനെ ബാഡ്‌ജായി കണക്കാക്കി നെഞ്ചിൽ കുത്തുന്നെന്നും അംഗീകാരമായി കാണുന്നെന്നും പരിഹസിച്ച അശോക്, ശിക്ഷയ്ക്ക് കാരണമില്ലാത്ത ഉത്തരവായതിനാൽ നിലനിൽക്കില്ലെന്നും പുതിയസർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസംതന്നെ ഉത്തരവ് ചവറ്റുകുട്ടയിലേക്ക് പോവുമെന്നും തിടുക്കത്തിൽ കോടതിയിലെത്തേണ്ടതില്ലെന്നും പറഞ്ഞു.

താത്പര്യമുള്ള ഉദ്യോഗസ്ഥരെ ആശ്രിതവാത്സല്യത്തോടെ അരുമമൃഗങ്ങളാക്കി അവരെക്കൊണ്ട് ക്രമക്കേടുകളും അഴിമതികളും നടത്തിക്കുകയും അല്ലാത്തവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയുമാണ് കഴിഞ്ഞ 5വർഷം നടന്നത്. ഇനി പറയേണ്ടത് പറഞ്ഞും തിരുത്തേണ്ടത് തിരുത്തിയും സധൈര്യം മുന്നോട്ടുപോവും. അല്ലെങ്കിൽ ജനങ്ങളോട് തുറന്നുപറയും. ചോദ്യങ്ങളില്ലാത്ത അടിമകളെ സൃഷ്ടിക്കാനാണ് ബോധപൂർവമായ ശ്രമം. തുടർഭരണം ഉറപ്പാക്കാൻ ആറുമാസമായി ഉദ്യോഗസ്ഥ കോക്കസ് സജീവമായി പ്രവർത്തിക്കുന്നു. വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് തന്നെ തദ്ദേശകമ്മിഷനാക്കിയത്. ടെൻഡറില്ലാത്ത കരാറുകളും മരംകൊള്ളയുമടക്കം ഡസൻകണക്കിന് ക്രമക്കേടുകളുണ്ട്. പുതിയസർക്കാരിന് വിവരം നൽകാൻ ആരെങ്കിലും തുനിഞ്ഞാൽ ശരിയാക്കികളയുമെന്നാണ് ഭീഷണി. പുറത്താക്കിയാലും പറയാനുള്ളത് പറയും.

ഐ.എ.എസുകാർ ബുദ്ധിപൂർവം കാര്യങ്ങൾ പഠിച്ച് ഉത്തമബോദ്ധ്യമുള്ള കാര്യങ്ങൾ ഫയലിലെഴുതുന്നത് അവസാനിപ്പിക്കാനും ചോദ്യങ്ങളില്ലാത്ത അടിമകളെ സൃഷ്ടിക്കാനുമാണ് ശ്രമം. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്താക്കുന്ന സമീപനമാണ്. ചോദ്യങ്ങൾ വേണ്ടെന്നും തങ്ങൾ പറയുന്നത് ചെയ്താൽ മതിയെന്നുമുള്ള സമീപനത്തെ ജനങ്ങൾ പുറന്തള്ളും. അപകടകരമായ പല കാര്യങ്ങളിലേക്കും സിവിൽ സർവീസ് നീങ്ങി. മുഖ്യമന്ത്രിയെ വാഴ്‌ത്തിപ്പാടുന്ന ചടങ്ങ് സംഘടിപ്പിക്കാൻ പോലും ആലോചനയുണ്ടായി. ഉദ്യോഗസ്ഥർക്കുമേൽ അനാവശ്യമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടായി. ബോധപൂർവം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും.

വിരട്ടലും ഭീഷണിയുമുണ്ടായി

കാലാവധി തീരാൻ നാലുദിവസം ശേഷിക്കേ, ആരും മിണ്ടാൻ പാടില്ലെന്ന ഉത്തരവിറക്കിയിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാർ ഐ.എ.എസുദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഒരു ടീമായി പ്രവർത്തിച്ചു. രണ്ടാം പിണറായി സർക്കാരിന് താളം തെറ്റി. 12വിരമിച്ച ഉദ്യോഗസ്ഥരെ സർക്കാരിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്തിച്ചതാണ് വിനയായത്.

- അശോക് പറഞ്ഞു.

'' എക്സിറ്റ്പോൾ കണ്ടിട്ടല്ല ഇക്കാര്യങ്ങൾ പറയുന്നത്. ഭരണമാറ്റം നടക്കുമെന്നതിന് അടിസ്ഥാനം എക്സിറ്റ്പോളല്ല.""

-ഡോ. ബി. അശോക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA