SignIn
Kerala Kaumudi Online
Monday, 25 May 2026 7.43 AM IST

ആവേശത്തേരിൽ യു.ഡി.എഫ്; മുഖ്യമന്ത്രി ചർച്ചയിൽ ലീഗും

d

തിരുവനന്തപുരം: എട്ട് എക്സിറ്റ് പോൾ സർവേകളിലും അനുകൂല പ്രവചനം വന്നതോടെ, തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ആവേശത്തോടെ ഉറ്റുനോക്കുകയാണ് യു.ഡി.എഫ്. പ്രവചനങ്ങൾ പാളിയില്ലെങ്കിൽ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിൽ എത്തും. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് ഒറ്റതിരിഞ്ഞ ചില അവകാശവാദങ്ങൾ ഉന്നയിച്ചതൊഴിച്ചാൽ,എൽ.ഡി.എഫ് ക്യാമ്പ് മൗനത്തിലാണ്. ബി.ജെ.പിയും കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്ന തരത്തിൽ പൊട്ടിപ്പുറപ്പെട്ട മുഖ്യമന്ത്രി ചർച്ചയും സർവേഫലത്തോടെ വഴിതിരിഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരസ്യനിലപാടെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യമന്ത്രി ചർച്ച. നേതാക്കളുടെ പക്ഷം പിടിച്ച് അനുയായികളും ആരാധകരും രംഗത്ത് വന്നിരുന്നു. അതു തടയാൻ ഹൈക്കമാൻഡ് ഇടപെട്ടെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങൾക്ക് ചൂടുകൂടി.

കോൺഗ്രസിൽ തമ്മിലടിയാവുമെന്നും അത് യു.ഡി.എഫിന് നാണക്കേടാണെന്നും മുൻകൂട്ടികണ്ടാണ് പതിവിനു വിരുദ്ധമായി ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ അഭിപ്രായം പ്രകടിപ്പിച്ചത്. സാദിഖലി ശിഹാബ് തങ്ങൾക്ക് പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളും സതീശനെ പിന്തുണച്ച് രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. ഫലം വരും മുമ്പേ മുഖ്യമന്ത്രി വിഷയത്തിൽ ഘടകകക്ഷി അഭിപ്രായ പ്രകടനം നടത്തിയതിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.

അനുകൂല ഘടകങ്ങൾ

1.കോൺഗ്രസ് കഴിഞ്ഞാൽ യു.ഡി.എഫിലെ വലിയ ഘടക കക്ഷിയാണ് ലീഗ്. അവരുടെ അഭിപ്രായത്തെ അവഗണിക്കാനാവില്ല. ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ടീം യു.ഡി.എഫ് എന്ന ശക്തമായ കൂട്ടായ്മ രൂപപ്പെടുത്തി വിജയത്തിലേക്ക് നയിച്ചത് വി.ഡി.സതീശൻ.

2.മുതിർന്ന നേതാവും മുൻ കെ.പി.സി.സി അദ്ധ്യക്ഷനും മുൻമന്ത്രിയുമാണ് രമേശ് ചെന്നിത്തല. മുന്നണിയിലെ സമന്വയത്തിന്റെ മുഖമാണ് ചെന്നിത്തല. ആ നിലയിൽ ലീഗുമായി അടുപ്പമുണ്ട്.

3. കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ ശക്തമായ സാന്നിദ്ധ്യമാണ് കെ.സി.വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA