SignIn
Kerala Kaumudi Online
Monday, 25 May 2026 6.54 AM IST

ആ 'ആശ' മലയാളത്തിന്റെ നഷ്ടവസന്തം

കൊച്ചി: 'മേരിക്കുണ്ടൊരു കുഞ്ഞാടിൽ" വീണ്ടുമൊരു മലയാളഗാനം പാടാമെന്ന

ആശ ഭോസ്‌ലെയുടെ മോഹം പൊലിഞ്ഞത് മലയാളത്തിന്റെ നഷ്ടമായി. സഫലമായിരുന്നെങ്കിൽ മറ്റൊരു ഹിറ്റ് ഗാനം കൂടി ആശയുടെ ശബ്ദത്തിൽ മലയാളത്തിന് സ്വന്തമാകുമായിരുന്നു. 1977ൽ പുറത്തിറങ്ങിയ സുജാതയിലെ സ്വയംവര ശുഭദിന മംഗളങ്ങൾ... അങ്ങനെ ആശയുടെ ഏക മലയാളഗാനമായി.

ബേണി ഇഗ്നേഷ്യസ് സംഗീതം നൽകിയ 'മേരിക്കുണ്ടൊരു കുഞ്ഞാട് ' സിനിമയിൽ പാടിക്കാനായിരുന്നു ശ്രമം. ദിലീപ് നായകനായി ഷാഫി സംവിധാനം ചെയ്‌ത സിനിമയിൽ ആശ ഭോസ്‌ലെയെ പാടിക്കാമെന്ന് ഇഗ്നേഷ്യസാണ് നിർദ്ദേശിച്ചത്. ഷാഫിയും നിർമ്മാതാക്കളും സമ്മതം അറിയിച്ചു. ആശയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രാരംഭചർച്ച നടത്തി. അവർക്ക് വലിയ താത്പര്യമായിരുന്നു.

മുംബയിൽ റെക്കാർഡ് ചെയ്യണമെന്ന ഉപാധിയാണ് ആദ്യം അറിയിച്ചത്. തുടർചർച്ചകളിൽ ഗാനം ഹിറ്റാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു. പ്രതിഫലം ഉൾപ്പെടെ കാര്യങ്ങളിൽ ധാരണയായില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ചു. 2010 ഡിസംബറിലാണ് മേരിക്കുണ്ടൊരു കുഞ്ഞാട് റിലീസ് ചെയ്‌തത്.

ആശയുടെ രണ്ടാം മലയാളഗാനം സൃഷ്‌ടിക്കാനുള്ള അവസരം നഷ്‌ടമായത് വ്യക്തിപരമായി വലിയ നിരാശയും നഷ്‌ടവുമാണ്. അത്രയും വലിയ ഒരാളെക്കൊണ്ട് പാടിക്കാൻ കഴിയാതെ പോയതിൽ ഇപ്പോഴും വിഷമമുണ്ടെന്ന് ഇഗ്നേഷ്യസ് 'കേരളകൗമുദി"യോട് പറഞ്ഞു.

ലതാ മങ്കേഷ്‌കർ കഴിഞ്ഞാൽ ഇത്രയും നന്നായി പാടിയ ഗായികയില്ല. ലതാജിക്ക് തൊട്ടുപിന്നിൽ പാടിനിൽക്കാൻ കഴിവുണ്ടായിരുന്നു. ഒരുപാട് പാട്ടുകൾ പാടി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആശയുടെ മരണം വല്ലാത്തൊരു ശൂന്യതയാണ്. ശ്രേയാ ഘോഷാൽ പോലുള്ള ഏതാനും പേരുണ്ടെങ്കിലും ലതയുടെയും ഭോസ്‌ലെയുടെയും വിടവ് നികത്താൻ കഴിയുന്നതല്ല. ഇനി അതുപോലൊരു ഗായികയില്ല. സ്വരമാധുര്യം മാത്രമല്ല ആലാപനത്തിന്റെ സമ്പൂർണതയാണ് പ്രത്യേകത. എത്ര സങ്കീർണമായ പാട്ടും അതീവലളിതമായി ആശ ഭോസ്‌ലെ പാടിയിരുന്നു. പ്രതീക്ഷിക്കുന്നതിനപ്പുറം മികവോടെ

പാടാൻ കഴിഞ്ഞിരുന്ന ഗായികയാണെന്നും ഇഗ്നേഷ്യസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA