SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

കെ-ടെറ്റ് വിധി: സർക്കാർ സുപ്രീം കോടതിയിൽ നൽകിയത് ഒപ്പിടാത്ത ഹർജി

a

ഏപ്രിൽ 7-നകം ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ 74000 അദ്ധ്യാപകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന

സർക്കാർ നൽകിയത് സത്യവാങ്മൂലം മുഴുവനായി പൂരിപ്പിക്കുകയോ ഒപ്പിടുകയോ ചെയ്യാത്ത പുന:പരിശോധനാ ഹർജി .ഇതേ തുടർന്ന് ഹർജി സുപ്രീം കോടതി രജിസ്ട്രിയുടെ ന്യൂനതാ ലിസ്റ്റിലേക്ക് മാറ്റി. ഏപ്രിൽ 7നകം ന്യൂനതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാത്ത പക്ഷം,സംസ്ഥാനത്തെ 74000 ലെറെ അദ്ധ്യാപകരുടെ തൊഴിൽ സുരക്ഷ

അനിശ്ചിതത്വത്തിലാവും.

അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ കഴിഞ്ഞ ജനുവരി 7നാണ് പുന: പരിശോധനാ ഹർജി നൽകിയത്. 2012-ന് മുൻപ് നിയമിതരായ അദ്ധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയത് പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതാണ് കേരളത്തിലെ സാഹചര്യം. പത്തും ഇരുപതും വർഷം സർവീസുള്ള അദ്ധ്യാപകർക്ക് യോഗ്യതാ പരീക്ഷ പാസാകുക ദുഷ്കരം. കൂടാതെ, അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ളവർ രണ്ട് വർഷത്തിനകം യോഗ്യത നേടിയില്ലെങ്കിൽ നിർബന്ധിത വിരമിക്കൽ നേരിടേണ്ടി വരുമെന്ന കോടതി നിരീക്ഷണവും അദ്ധ്യാപകരെ കടുത്ത സമ്മർദ്ദത്തിലാക്കി .

ഈ വിധി മറികടക്കാനായി സർക്കാർ വിവിധ ഘട്ടങ്ങളിൽ അദ്ധ്യാപകർക്ക് ഇളവുകൾ നൽകി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകളിലെല്ലാം ,പുനഃപരിശോധനാ ഹർജിയുടെ വിധിക്ക് വിധേയമായിരിക്കുമെന്ന നിബന്ധന ചേർത്തിട്ടുണ്ട്. ഹർജി സാങ്കേതിക കാരണങ്ങളാൽ സുപ്രീം കോടതി തള്ളുകയോ, പരിഗണിക്കപ്പെടാതിരിക്കുകയോ ചെയ്താൽ സർക്കാർ നൽകിയ ഇളവുകളെല്ലാം നിയമ വിരുദ്ധമാവുകയും, അദ്ധ്യാപകരുടെ ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും തടയപ്പെടുകയും ചെയ്യും.ഇത്രയും ഗൗരവതരമായ വിഷയമാണ് മൂന്ന് മാസത്തോളമായി സുപ്രീം കോടതി രജിസ്ട്രിയുടെ ന്യൂനതാ ലിസ്റ്റിൽ തുടരുന്നത്. ഫലത്തിൽ, കെ-ടെറ്റ് ഇല്ലാത്ത അദ്ധ്യാപകർക്ക് സർവീസിൽ തുടരുന്നത് പോലും നിയമപരമായി വെല്ലുവിളിയാകുന്ന തരത്തിലാണ് സർക്കാരിൻ്റെ അപൂർണ്ണ ഹർജി..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA