SignIn
Kerala Kaumudi Online
Monday, 25 May 2026 10.04 AM IST

കേന്ദ്ര ഏജൻസികളുടെ കർശന നിർദ്ദേശം: എൽസാ 3 ഉടൻ ഉയർത്തിമാറ്റണമെന്ന്

padam

കൊച്ചി: കണ്ടെയ്‌നറുകളുമായി കൊച്ചിതീരത്ത് മുങ്ങിത്താഴ്ന്ന ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ-3 കാലവർഷത്തിനുമുമ്പ് ഉയർത്തി മാറ്റണമെന്ന് കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികൾ ഡി.ജി ഷിപ്പിംഗിന് അന്ത്യശാസനം നൽകി.വിഷപദാർത്ഥങ്ങൾ നിറച്ച കണ്ടെയ്‌നറുകൾ കപ്പലിനൊപ്പം ചെളിയിൽ പുതഞ്ഞുകിടക്കുകയാണ്.മൺസൂൺ കാലാവസ്ഥയിൽ ഇവ വിട്ടുമാറി തീരത്തേക്ക് എത്താനുള്ള സാദ്ധ്യതകൂടി കണക്കിലെടുത്താണ് നിർദ്ദേശം.

വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട ഫീഡർകപ്പൽ മോശം കാലാവസ്ഥയിൽപ്പെട്ട് മേയ് 25നാണ് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽമൈൽ(70.38 കി.മീ) അകലെ രാജ്യാന്തര കപ്പൽച്ചാലിൽ മുങ്ങിയത്.കപ്പൽ ചരിഞ്ഞപ്പോൾ കണ്ടെയ്‌നറുകൾ മാറ്റാൻ മറ്റൊരു കപ്പൽ എത്തിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രക്ഷിച്ചതിന് പിന്നാലെ കപ്പൽ മുങ്ങുകയായിരുന്നു.

കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകളും അപകടകരമായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയിൽ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു.കാലപ്പഴക്കംചെന്ന കപ്പൽ വീണ്ടെടുക്കേണ്ടതില്ലെന്നായിരുന്നു ജനീവ ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ(എം.എസ്.സി) നിലപാട്.എന്നാൽ ഉയർത്തി മാറ്റണമെന്ന ആവശ്യത്തിൽ ഡി.ജി ഷിപ്പിംഗ് ഉറച്ചുനിന്നു.കപ്പലിൽ നിന്ന് എണ്ണ വീണ്ടെടുക്കലും മറ്റും നീണ്ടതോടെ നടപടി വൈകി.ഈ ഘട്ടത്തിലാണ് കർശന നിർദ്ദേശവുമായി കേന്ദ്ര ഏജൻസികൾ ഇടപെട്ടത്.കപ്പൽ മുങ്ങിയതിലുടെ ഉണ്ടായ നാശനഷ്ടം കാട്ടി മത്സ്യത്തൊഴിലാളികൾ നൽകിയ കേസിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.ക്യാപ്ടനടക്കമാണ് കേസിലെ പ്രതികൾ.

ആവശ്യം 9,531 കോടി
നഷ്ടപരിഹാരമായി 9,531 കോടി രൂപ കപ്പൽകമ്പനി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇത്രയും തുക നൽകാനാകില്ലെന്നാണ് കപ്പൽ കമ്പനിയുടെ നിലപാട്. 1,227.62 കോടി രൂപ കരുതൽ പണം എം.എസ്.സി ഹൈക്കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്.

1000 കോടിയുടെ നഷ്ടം
800 കോടിരൂപയുടെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്.ആകെ 1,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. 25 വർഷമാണ് കപ്പലിന്റെ കാലാവധി.മുങ്ങിത്താഴ്ന്ന കപ്പൽ 28 വർഷം പിന്നിട്ടു.ഉയർത്തിയെടുത്താലും കപ്പൽ പൊളിച്ചുവില്ക്കാനേ കഴിയൂ.40 ടൺ എണ്ണ ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELSA-3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA