SignIn
Kerala Kaumudi Online
Monday, 25 May 2026 5.52 AM IST

കനത്ത തോൽവി വിളിച്ചുവരുത്തി ; സിപിഎം,​ സിപിഐ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

kodiyeri

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു കാരണം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വങ്ങളുമാണെന്ന് തുറന്നടിച്ച് നേതാക്കൾ. പരാജയകാരണം വിലയിരുത്താൻ ചേർന്ന സി.പി.എം, സി.പി.ഐ നേതൃയോഗങ്ങളിലാണ് വിവിധ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചത്. ഇത്രയും കനത്ത തോൽവി വിളിച്ചുവരുത്തിയതാണ് എന്ന നിലയിലേക്ക് നീളുന്നതായിരുന്നു വിമർശനം എന്നാണ് ഇടത് വ‌ൃത്തങ്ങളിലെ മർമ്മരം.

സ്ഥാനാർത്ഥി നിർണയം, സംഘടനാപരമായ വീഴ്ച എന്നിവ തോൽവിക്ക് കാരണമായി. പ്രചാരണ രംഗത്ത് പിണറായി വിജയൻ ഉപയോഗിച്ച പ്രയോഗങ്ങൾ കനത്ത തിരിച്ചടിയായി. പിണറായിക്കെതിരായ വിധിയെഴുത്താണ് തിരഞ്ഞെടുപ്പു ഫലമെന്നാണ് ഇടതു സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യമായിരുന്നു പാർട്ടിയിലെന്നും അദ്ദേഹത്തിന്റെ ഭാഷപോലും നല്ല ഭരണാധികാരിക്ക് ചേർന്നതല്ലെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി. ഇതിനോട് ചേർന്നുനിൽക്കുന്ന പ്രതികരണങ്ങളാണ് ഇരു പാർട്ടികളുടെയും നേതൃയോഗങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ചിലർ ഉന്നയിച്ചത്. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബിയും പങ്കെടുത്തിരുന്നു. സി.പി.ഐയുടെ സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും വിമർശനം രൂക്ഷമായിരുന്നു. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും പുതിയ ആളുകൾ വരണമെന്നും സി.പി.ഐയിൽ അഭിപ്രായമുണ്ടായി.

ജനമനസ് അറിയാനായില്ല:

സി.പി.എം സെക്രട്ടേറിയറ്റ്

വോട്ടർമാർക്കിടയിലുണ്ടായ തരംഗം മനസിലാക്കുന്നതിൽ വീഴ്ചയുണ്ടായി. ജനങ്ങളുടെ മനസ് അറിയാൻ പാർട്ടി ഘടകങ്ങൾക്ക് കഴിഞ്ഞില്ല. സ്ഥാനാർത്ഥി നിർണയത്തിൽ പാകപ്പിഴകളുണ്ടായി. കണ്ണൂരിലുണ്ടായ പാകപ്പിഴകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. സംഘടനാപരമായ നടപടി ഭയന്ന് പലരും അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിച്ചു. തെറ്റു തിരുത്താൻ അടിയന്തര നടപടികളുണ്ടാകണം.

പിണറായിക്കെതിരെ

സി.പി.ഐ വിമർശനം

തോൽവിക്കു കാരണം പിണറായി വിരുദ്ധ വികാരം. സമുദായ നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. പ്രചാരണരംഗത്ത് മുഖ്യമന്ത്രി നടത്തിയ 'വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്‌മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചു. സി.പി.എമ്മിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയതും തിരിച്ചടിക്ക് വഴിവച്ചു. സി.പി.ഐയിലെ സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി പാർട്ടി നേതൃത്വം മാത്രമാണ്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് ലജ്ഞാകരമായ തോൽവിയാണെന്ന് സി.പി.ഐ രാജ്യസഭ അംഗം പി.സന്തോഷ്‌കുമാർ പറഞ്ഞു. പിണറായിക്കു പകരം പുതുമുഖം വരണമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA