SignIn
Kerala Kaumudi Online
Thursday, 24 September 2026 11.44 PM IST

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക്? അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്; ഇന്ത്യയ്ക്കും ആശങ്ക

iran-us-war
പ്രതീകാത്മക ചിത്രം

ടെഹ്റാൻ: അമേരിക്ക വീണ്ടും ആക്രമിച്ചാൽ തിരിച്ചടി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലുള്ള അമേരിക്കൻ കപ്പലുകൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി‌യുടെ മുതിർന്ന ഉപദേഷ്ടാവ് മേജർ ജനറൽ യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക യുദ്ധം ആരംഭിച്ചാൽ കൂടുതൽ ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ തയ്യാറാണെന്ന് യഹ്യ റഹീം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ തുടരുന്ന അമേരിക്കൻ കപ്പലുകൾ എവിടെയായിരുന്നാലും ആക്രമിക്കുമെന്നും അതിനുള്ള ശേഷി ഇറാൻ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈപ്പർസോണിക് മിസൈലുകളുടെ വേഗം മാക് 6ൽ നിന്ന് മാക് 10 ആയി ഉയർത്തിയതായി റസായി അവകാശപ്പെട്ടു. ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സമയത്ത് മറ്റ് നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.

'സംഘർഷം പേർഷ്യൻ ഉൾക്കടലിൽ നിന്നും ഹോർമുസ് കടലിടുക്കിൽ നിന്നും ചെങ്കടലിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കൂടുതൽ യുദ്ധമുണ്ടായാൽ അതിന് മറുപടിയായി യുദ്ധമുഖം ഇനിയും വ്യാപിക്കും. അത് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും എത്തിയേക്കാം.'- മേജർ ജനറൽ യഹ്യ റഹീം സഫാവി പറഞ്ഞു. പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ, പ്രധാന സമുദ്ര വ്യാപാര പാതകൾ എന്നിവ കേന്ദ്രീകരിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് സഫാവിയുടെ പരാമർശം.

ഇന്ത്യൻ മഹാസമുദ്രം പ്രധാനമാകുന്നത് എന്തുകൊണ്ട്?

ലോകത്തിലെ അഞ്ച് സമുദ്രവിഭാഗങ്ങളിൽ വലുപ്പത്തിൽ മൂന്നാമത്തേതാണ് ഇന്ത്യൻ മഹാസമുദ്രം. ഏകദേശം 7.05 കോടി ചതുരശ്ര കിലോമീറ്റർ (2.72 കോടി ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ഭൂമിയിലെ ജലോപരിതലത്തിന്റെ ഏകദേശം 20 ശതമാനത്തോളം വ്യാപിച്ചുകിടക്കുന്നു. വടക്ക് ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തി.

ഗൾഫ് മേഖലയെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യയിലെ പ്രധാന സാമ്പത്തിക ശക്തികളുമായി ബന്ധിപ്പിക്കുന്നതിൽ ഇന്ത്യൻ മഹാസമുദ്രത്തിന് നിർണായക പങ്കുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിൽ പലതും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഇതിലെ പ്രധാനപ്പെട്ട കടൽപാതകളിലൊന്നാണ് ബാബ് അൽ-മന്ദബ് കടലിടുക്ക്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും തുടർന്ന് ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന കടലിടുക്കാണിത്. ആക്രമണങ്ങളും സുരക്ഷാ ആശങ്കകളും വർദ്ധിച്ചതോടെ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും ഇതിനകം ബാധിച്ചിട്ടുണ്ട്.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കൂടി സംഘർഷം വ്യാപിപ്പിച്ചാൽ ഗൾഫ് മേഖലയ്ക്ക് പുറത്തും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഏഷ്യയിലേക്കും തിരിച്ചുമുള്ള ഊർജ, വാണിജ്യ ചരക്കുകളുടെ പ്രധാന ഗതാഗത പാതയാണ് ഈ മേഖല. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഗൾഫ് മേഖല ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുമായി ഇന്ത്യയ്ക്ക് വിപുലമായ സമുദ്ര വ്യാപാര ബന്ധങ്ങളുമുണ്ട്. അതിനാൽ യുദ്ധം പൂർണതോതിൽ വ്യാപിച്ചാൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കപ്പൽ ഗതാഗതം, ഊർജ വിതരണം, പ്രാദേശിക വ്യാപാരം എന്നിവയ്ക് ഇത് ഭീഷണിയായി മാറും.

യുഎസ്–ഇറാൻ യുദ്ധം ഇതിനകം തന്നെ ഇന്ത്യയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഊർജം, കപ്പൽ ഗതാഗതം, ഉൽപ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ചെലവ് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഗതാഗത ത‌ടസങ്ങൾ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാണ്.

English Summary

Iran has warned that if the United States resumes attacks, retaliation could extend from the Strait of Hormuz to the Indian Ocean and beyond. Iranian officials claim they have strengthened missile, electronic warfare and air defence capabilities. Any escalation could disrupt major shipping routes, energy supplies and trade, posing significant risks to India, which heavily depends on imported crude oil.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN WARNING, INDIAN OCEAN WAR, STRAIT OF HORMUZ, IRAN INDIA, IRAN US WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360