ലക്‌നൗ: സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. യമുന എക്‌സ്‌പ്രസ്‌വേയിൽ ഇന്നലെ രാത്രി 11.30യോടെയാണ് അപകടമുണ്ടായത്. 35ഓളം യാത്രക്കാരുമായി ഡൽഹിയിൽനിന്ന് ആഗ്രയിലേക്ക് പോകുകയായിരുന്ന രാജ് കൽപ്പന ട്രാവൽസിന്റെ ബസിനാണ് തീ പിടിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്.
ബസിൽ യാത്രചെയ്‌ത ഹമിർപൂർ സ്വദേശിയായ സുനിൽകുമാർ, ഡ്രൈവർക്കും കണ്ടക്‌ടർക്കുമെതിരെ പരാതി നൽകി. ഡ്രൈവറുടെ ക്യാബിനിൽനിന്ന് കത്തുന്ന ഗന്ധം വരുന്നതായി അറിയിച്ചിട്ടും ജീവനക്കാർ അത് അവഗണിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ബസ് നിർത്തി ഗന്ധം എവിടെനിന്നാണ് വരുന്നതെന്ന് പരിശോധിക്കാൻ അവർ തയ്യാറായില്ല. ക്യാബിനുള്ളിലിരുന്ന ഡ്രൈവറും കണ്ടക്‌ടറും തുടർച്ചയായി പുകവലിച്ചിരുന്നു. ഇത്തരമൊരു ഗന്ധം ബസിൽ സാധാരണമാണെന്ന് പറഞ്ഞ് യാത്രക്കാരുടെ ആശങ്കകൾ അവഗണിക്കുകയായിരുന്നെന്നുമാണ് സുനിൽ കുമാർ പരാതിപ്പെടുന്നത്.
അല്‌പസമയത്തിനുള്ളിൽ ഡ്രൈവറുടെ സീറ്റിന് സമീപത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു. യാത്രക്കാർ ബഹളം വച്ച് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ധ്രുതഗതിയിൽ പ്രവർത്തിക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. വളരെ പെട്ടെന്ന് തീയും പുകയും നിറഞ്ഞതിനെ തുടർന്ന് നിരവധിപേർ ബസിനുള്ളിൽ കുടുങ്ങി. ബസ് നിർത്തിയശേഷം പുറത്തേക്ക് ചാടിയാണ് സുനിൽ ഉൾപ്പടെയുള്ള യാത്രക്കാർ രക്ഷപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ജേവാറിലെ കൈലാഷ് ആശുപത്രിയിലേക്ക് മാറ്റി.
യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ലഗേജുകളുൾപ്പടെ കത്തിനശിച്ചു. സുനിൽകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ വിവരങ്ങളും തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. ശാസ്‌ത്രീയ തെളിവുകളും യാത്രക്കാരുടെ മൊഴികളും ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
A private bus caught fire on the Yamuna Expressway near Jewar, killing nine passengers and injuring several others. Police are investigating the cause of the blaze.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |