ന്യൂഡൽഹി: സെപ്തംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നൽകാൻ തീരുമാനം. നാളെത്തന്നെ (സെപ്തംബർ 25) ശമ്പളം, പെൻഷൻ എന്നിവ വിതരണം ചെയ്യാനാണ് ധനമന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് പുറമെ പ്രതിരോധം, തപാൽ, ടെലികോം വിഭാഗങ്ങളിലെ ജീവനക്കാരും ഈ ക്രമീകരണത്തിന്റെ പരിധിയിൽ വരും.
കൂടാതെ, ബാങ്ക് സമരം മൂലം ഉപഭോക്താക്കൾക്ക് തുടർച്ചയായി നിരവധി ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടാതിരിക്കാനായി സെപ്തംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യും. പൊതുമേഖലാ ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ഇത് ബാധകമാണ്. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎമ്മുമായി ബന്ധപ്പെട്ട ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവയും അന്ന് പ്രവർത്തിക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സെപ്തംബറിൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസം മാത്രം ജോലി, ഏകീകൃത പെൻഷൻ എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
സെപ്തംബർ 30 ബാങ്കിംഗ് മേഖലയിലെ അർദ്ധവാർഷിക ക്ലോസിംഗ് ദിവസമായതിനാൽ സമരം ബാങ്കുകളുടെ പ്രവർത്തനങ്ങളെ കൂടുതൽ ബാധിക്കാനിടയുണ്ട്. അതേസമയം, സമരത്തിന്റെ സമയത്ത് ആവശ്യമായ ബാങ്കിംഗ് ഇടപാടുകൾക്കായി ഉപഭോക്താക്കൾ മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം, യുപിഐ, ബിസി പോയിന്റുകൾ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കണമെന്ന് വിവിധ ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട ഇടപാടുകൾ സമരത്തിന് മുമ്പ് തന്നെ പൂർത്തിയാക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്തംബർ അവസാന ദിവസങ്ങളിലെ മറ്റ് സർക്കാർ പേയ്‌മെന്റുകളും ബാങ്കിംഗ് ഇടപാടുകളും സാദ്ധ്യമാകുന്നിടത്തോളം നേരത്തെ പൂർത്തിയാക്കാനും കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. എടിഎമ്മുകളിൽ മതിയായ പണം നിക്ഷേപിക്കാനും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ശ്രദ്ധിക്കാനും ബാങ്കുകളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Ahead of a nationwide bank strike from September 28 to 30, the central government will disburse September salaries and pensions early, on September 25, for its employees. Public sector banks will also open on Sunday, September 27, to mitigate disruption for customers. The strike, called by bank unions, seeks a five-day work week and uniform pension. Digital banking is advised.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |