ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരും.തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രസ്വഭാവം സംബന്ധിച്ച് സുപ്രീം കോടതികൂടി സംശയം ഉന്നയിച്ചതോടെയാണ് പ്രതിരോധം ശക്തമായത്. രണ്ടുദിവസത്തിനകം രാജിവച്ചില്ലെങ്കിൽ ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങുമെന്ന് കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ചു.
രണ്ടാഴ്ചയ‌്ക്കകം ഇംപീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷത്തെ പാർട്ടികളുമായും നിയമവിദഗ്ദ്ധരുമായും കോൺഗ്രസ് നേതാക്കൾ കൂടിയാലോചന തുടങ്ങി. ഏപ്രിൽ 24ന് രാജ്യസഭയിലെ 73 പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയ പ്രമേയത്തിൽ രാജ്യസഭ അദ്ധ്യക്ഷൻ തീരുമാനമെടുത്തിട്ടില്ല.
രാജ്യത്തിന്റെ താത്പര്യം മുൻനിറുത്തി ഗ്യാനേഷ് പദവിയൊഴിഞ്ഞ് മാപ്പുസാക്ഷിയാകണമെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗ്യാനേഷിന്റെ സംരക്ഷകൻ. ബി.ജെ.പിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ചേർന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല. ഗൂഢാലോചന നടത്തിയ മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരെ അന്വേഷണമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
ഗ്യാനേഷിനെ പുറത്താക്കണമെന്ന് സി.പി.എം,സി.പി.ഐ,സി.പി.ഐ(എം.എൽ) ലിബറേഷൻ,ഫോർവേഡ് ബ്ലോക്ക്,ആർ.എസ്.പി തുടങ്ങിയ ഇടതുപാർട്ടികൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഗ്യാനേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂൽ എം.പി മഹുവ മൊയിത്ര പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഐ.ടി വിഭാഗവും ദുരൂഹതകളും
തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെ ഐ.ടി വിഭാഗത്തിനും മേധാവി സീമ ഖന്നയ്‌ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവർ നിലപാടെടുത്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഫീൽഡിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഐ.ടി മേധാവിക്ക് 'നിയമപരമായ യാതൊരു അധികാരവുമില്ലെന്ന്' കമ്മിഷണർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
1.ഡൽഹിയിലിരുന്ന് 'ഇ.സി.ഐ നെറ്റ്' എന്ന സോഫ്റ്റ്‌വെയറിലൂടെ രാജ്യത്തെ വോട്ടർ പട്ടികയുടെ നിയന്ത്രണം കേന്ദ്രീകരിക്കുന്നു.
വോട്ടർപട്ടികയുടെ വികേന്ദ്രീകൃതമായ തയ്യാറെടുപ്പ് പ്രക്രിയയെ സോഫ്റ്റ്‌വെയർ ദുർബലപ്പെടുത്തുന്നുവെന്നാണ് ഉദ്യോഗസ്ഥർ കമ്മിഷണർമാരെ അറിയിച്ചത്.
2.ഗോവയിലെ എസ്.ഐ.ആർ കരടുപട്ടികയിൽ നിന്ന് പുറത്തായ 97 പേരെ തിരികെ ചേർക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും അനുവദിച്ചില്ല. സോഫ്റ്റ്‌വെയറിലെ പുനഃസ്ഥാപിക്കൽ ബട്ടൺ ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയില്ല. ഡൽഹിയിലെ ഐ.ടി വിഭാഗത്തിൽ മാത്രമെ അതു നടക്കുമായിരുന്നുള്ളു.
3. ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡൽഹിയിലേക്ക് ഏഴു ദിവസത്തിനകം എട്ട് ഇമെയിൽ അയച്ചെങ്കിലും പ്രതികരിച്ചില്ല. ഒടുവിൽ ഡൽഹിയിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ഐ.ടി വിഭാഗം മേധാവിക്ക് കർശന നിർദ്ദേശം നൽകി. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടികയിൽ 97 പേരുകളും ഉണ്ടായിരുന്നു. എന്നാൽ സെപ്‌തംബർ 20ന് അവരെയെല്ലാം ഒഴിവാക്കിയതായാണ് കണ്ടത്.
ജുഡിഷ്യറി കേന്ദ്രത്തിന്
കീഴടങ്ങുന്ന അവസ്ഥ
തുറന്നടിച്ച് ജസ്റ്റിസ് ദീപാങ്കർ ദത്ത
ജുഡിഷ്യൽ നിയമനങ്ങളിൽ ശുപാർശ നൽകാനുള്ള കൊളീജിയം കേന്ദ്രസർക്കാരിന് കീഴടങ്ങുന്നുവെന്ന് സുപ്രീംകോടതിയുടെ വിമർശനം. സുപ്രീംകോടതി,ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിൽ കൊളീജിയത്തിന് രണ്ടാം നിരയിലേക്ക് ഒതുങ്ങേണ്ടിവന്നുവെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത തുറന്നടിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ,തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 2023ലെ കേന്ദ്രനിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയിലാണ് ശ്രദ്ധേയ നിരീക്ഷണങ്ങൾ. സുപ്രീംകോടതി കൊളീജിയം അയയ്ക്കുന്ന ശുപാർശകളിൽ കേന്ദ്രസർക്കാർ ചിലതു മാത്രം അംഗീകരിക്കുന്നു. ചിലരെ മാത്രം തിരഞ്ഞെടുത്ത് നിയമിക്കുന്നത് കൊളീജിയം തീരുമാനങ്ങളുടെ പവിത്രതയെ തകർക്കുന്നതാണ്.
നിയമനങ്ങൾ തടഞ്ഞുവയ്ക്കുന്നത് പതിവായിട്ടും എക്സിക്യൂട്ടീവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് കൊളീജിയം. മികച്ച ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന വിമർശനം ഉയരാത്ത സാഹചര്യം ഭാവിയിലെങ്കിലും സൃഷ്ടിക്കണം. തെറ്റായ തീരുമാനങ്ങൾക്ക് കൊളീജിയം പഴി കേൾക്കുകയാണ്. നിയമനങ്ങളിൽ അന്തിമ തീരുമാനം എക്സിക്യൂട്ടീവിന്റേതാണ്. അതിനാൽ, 'ന്യായാധിപന്മാർ ന്യായാധിപന്മാരെ നിയമിക്കുന്നു" എന്ന വാദം നിലനിൽക്കില്ല. ചില ശുപാർശകളിൽ മാത്രം കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്നത് കീഴ്വഴക്കമായി മാറാൻ അനുവദിച്ചാൽ എത്ര കാലം ആ അവസ്ഥ തുടരാനാകുമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |