മുംബയ്: അടുത്തിടെ നടന്ന ഒരു പോഡ്കാസ്റ്റിനിടെ മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് വോയുടെ ചോദ്യത്തിന് അജിങ്ക്യ രഹാനെ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. രഹാനെയിൽ സച്ചിൻ ടെൻഡുൽക്കറുടെ ബാറ്റിംഗ് ശൈലിയുമായുള്ള സാമ്യം ഏറെക്കാലമായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ് സ്റ്റീവ് വോ പറഞ്ഞത്. സച്ചിന്റെ പാത പിന്തുടർന്നാണോ രഹാനെ തന്റെ ബാറ്റിംഗ് ശൈലി രൂപപ്പെടുത്തിയതെന്നായിരുന്നു സ്റ്റീവ് വോയുടെ ചോദ്യം.
'നിങ്ങളെ ആദ്യമായി കണ്ടപ്പോൾ സച്ചിൻ ടെൻഡുൽക്കറെ ഓർമ വന്നു. സച്ചിനെ മാതൃകയാക്കിയാണോ നിങ്ങൾ ബാറ്റിംഗ് രൂപപ്പെടുത്തിയത്? ചെറിയ ബാക്ക്‌ലിഫ്റ്റ്, നേരെയുള്ളതും ഒതുക്കമുള്ളതുമായ ബാറ്റിംഗ് ശൈലി, മികച്ച ബാലൻസ്, ശാന്തമായ സമീപനം. സച്ചിൻ നിങ്ങളുടെ മാതൃകയായിരുന്നോ?'- സ്റ്റീവ് വോ ചോദിച്ചു.
കുട്ടിക്കാലത്ത് സച്ചിൻ തന്നെയായിരുന്നു തന്റെ മാതൃകയെന്ന് രഹാനെ പറഞ്ഞു. മുംബയിൽ വളർന്ന താൻ വാംങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ ബാറ്റ് ചെയ്യുന്നത് കാണാറുണ്ടായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി അനുകരിച്ചിരുന്നെന്നും രഹാനെ വ്യക്തമാക്കി. സച്ചിന്റെ ബാക്ക്‌ലിഫ്റ്റും കൈകൾ ശരീരത്തോട് ചേർത്തുവെച്ച് കളിക്കുന്ന രീതിയും പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സച്ചിന്റെ മനോഹരമായ സ്ട്രെയിറ്റ് ഡ്രൈവ് അനുകരിക്കാനും താൻ ശ്രമിച്ചിരുന്നു. പിന്നീട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സച്ചിനൊപ്പം കളിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും രഹാനെ പറഞ്ഞു.
ഇതിനിടെയാണ് സ്റ്റീവ് വോ രഹാനെയോട് മറ്റൊരു രസകരമായ ചോദ്യം ചോദിച്ചത്. 'സച്ചിൻ ടെൻഡുൽക്കറുടെ അത്രയും പണം നിങ്ങൾ സമ്പാദിച്ചോ?'-സ്റ്റീവ് വോ ചോദിച്ചു. ഇനി ഒരുപക്ഷേ അത്രയും സമ്പാദിച്ചേക്കാമെന്നായിരുന്നു രഹാനെയുടെ മറുപടി. രഹാനെയുടെ മറുപടി സ്റ്റീവ് വോയുടെ മുഖത്തും ചിരിപടർത്തി.
During a recent podcast, former Australian captain Steve Waugh asked Ajinkya Rahane if Sachin Tendulkar influenced his batting style, noting similarities like a small backlift and compact technique. Rahane confirmed Sachin was his childhood idol, whom he watched and emulated, particularly his straight drives, while growing up in Mumbai. Rahane also recounted later playing alongside his hero.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |