നഗോയ : നഗോയ ഏഷ്യൻ ഗെയിംസിൽ മലയാളി അത്ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട ഇന്ത്യൻ ടീം 4 x 400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടി. വിശാൽ ടി.കെ, എം.ആർ. പൂവമ്മ, വിത്യ രാംരാജ്, മനു ടി.എസ് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് വെള്ലി നേടിയത്. 3:14:46 ആണ് ഇന്ത്യയുടെ ഫിനിഷിംഗ് സമയം. ഗെയിംസ് റെക്കാഡോടെ ഒന്നാമതെത്തിയ ബഹ്റൈന് പിന്നിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്.
വനിതകളുടെ 10000 മീറ്ററിൽ ഇന്ത്യയുടെ സീമ വെങ്കലം നേടി. 32: 50:05 സമയത്തിൽ സീമ മൂന്നാമതായി ഫിനിഷ് ചെയ്യുകയായിരുന്നു. 16 വർഷത്തിന് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്.
അതേസമയം വുഷുവിൽ വനിതാതാരം റോഷിബിന ദേവി ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റ് വെള്ളി നേടി. തന്റെ തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസിലാണ് മണിപ്പൂരുകാരി റോഷിബിന മെഡലണിയുന്നത്. 2018ൽ വെങ്കലവും 2022ൽ വെള്ളിയും നേടിയിരുന്നു. ഹാട്രിക്ക് മെഡലണിയുന്ന ആദ്യ ഇന്ത്യൻ വുഷു താരമാണ്. റോവിംഗിൽ സത്നാം സിംഗ് -- സൽമാൻ ഖാൻ സഖ്യവും സ്കീറ്റ് ഷൂട്ടിംഗിൽ അനന്ത്ജീത് സിംഗ് നറുക്ക-പരിനാസ് ധാലിവാൾ സഖ്യവും വെങ്കലം സ്വന്തമാക്കി.
ഒരു സ്വർണവും ആറ് വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പടെ 16 മെഡലുകളുമായി 15-ാം സ്ഥാനത്താണ് ഇന്ത്യ. 80 സ്വർണമുൾപ്പടെ 130 മെഡലുകളുമായി ചൈനയാണ് ഒന്നാമത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |