ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ക്രിക്കറ്റിൽ തന്റെ സാന്നിദ്ധ്യമറിയിച്ചുതുടങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാനായ സെവാഗിന്റെ മകൻ എന്ന മേൽവിലാസം ഒപ്പം ഉണ്ടെങ്കിലും അച്ഛന്റെ പേരിന്റെ സമ്മർദമോ ഭാരമോ തനിക്ക് അനുഭവപ്പെടുന്നില്ലെന്ന് ആര്യവീർ പറയുന്നു.
ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായി ആര്യവീർ മത്സരിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിന പരമ്പരയിൽ ഇന്ത്യ അണ്ടർ-19 ടീമിനായും താരം കളിച്ചു. പരമ്പരയിലെ മത്സരങ്ങളിൽ 28, 47, 34 എന്നിങ്ങനെയായിരുന്നു ആര്യവീറിന്റെ സ്കോറുകൾ. മൂന്ന് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന്റെ പേരിൽ തനിക്ക് അഭിമാനമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ സമ്മർദമോ ഭാരമോ അനുഭവപ്പെടുന്നില്ലെന്നും വ്യക്തമാക്കി. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവരുടെ അഭിപ്രായങ്ങളായി മാത്രം കാണാനാണ് ശ്രമിക്കുന്നത്. നല്ലതായാലും മോശമായാലും പ്രശംസയായാലും വിമർശനമായാലും അവ തന്നെ അധികം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആര്യവീർ പറഞ്ഞു.
ബാറ്റിംഗിനെക്കുറിച്ച് വീരേന്ദർ സെവാഗ് നൽകുന്ന ഉപദേശവും ആര്യവീർ പങ്കുവച്ചു. അടിക്കാവുന്ന പന്താണെങ്കിൽ അടിക്കുക, വിട്ടുകളയേണ്ട പന്താണെങ്കിൽ വിടുക, പ്രതിരോധിക്കേണ്ട പന്താണെങ്കിൽ പ്രതിരോധിക്കുക-ബാറ്റിംഗ് ലളിതമായി നിലനിർത്താനാണ് അച്ഛൻ പറയാറുള്ളതെന്ന് ആര്യവീർ പറഞ്ഞു. സാങ്കേതികതയേക്കാൾ മാനസികമായ പക്വതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വീരേന്ദർ സെവാഗ് ഉപദേശിക്കാറുണ്ടെന്നും ആര്യവീർ വ്യക്തമാക്കി. കൂടാതെ, താൻ വിരാട് കൊഹ്‌ലിയുടെ വലിയ ആരാധകനാണെന്നും രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ടെന്നും ആര്യവീർ പറഞ്ഞു.
Virender Sehwag's son, Aryavir Sehwag, is beginning his cricket career, having played for India Under-19 against Australia and in the Delhi Premier League. Aryavir states he feels no pressure from his famous father's name, expressing pride in his achievements. He scored 28, 47, and 34 in the Youth ODI series and follows his father's advice on simple batting and mental maturity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |