SignIn
Kerala Kaumudi Online
Friday, 25 September 2026 12.23 AM IST

'എംജിആർ,​ ജയലളിത എന്നിവർക്ക് ലഭിച്ച പിന്തുണ, സിനിമയും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം അഞ്ച് വർഷത്തിനുള്ളിൽ മനസിലാകും'

READ ENGLISH VERSION
vijay-roja
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്,​ റോജ

ചെന്നൈ: സിനിമയിൽ നിന്നെത്തുന്നവർക്ക് മികച്ച ഭരണം നൽകാൻ കഴിയില്ലെന്ന് പറയുന്നവരോട് യോജിക്കാനാകില്ലെന്ന് നടി റോജ. എം.ജി.ആർ, ജയലളിത, കരുണാനിധി തുടങ്ങിയവർ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി മികച്ച ഭരണാധികാരികളായി മാറിയവരാണെന്നും റോജ ചൂണ്ടിക്കാട്ടി. നടൻ വിജയ‌്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു റോജ.

വിജയ്‌യോട് ജനങ്ങൾക്കുള്ള സ്വീകാര്യതയ്ക്ക് മുൻകാലത്ത് എം.ജി.ആറിനോടും ജയലളിതയോടും ഉണ്ടായിരുന്ന ജനപിന്തുണയുമായി സാമ്യമുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. സിനിമ എക്സ്പ്രസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റോജയുടെ പരാമർശങ്ങൾ.

ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് മികച്ച ഭരണാധികാരികളെന്നാണ് റോജയുടെ നിലപാട്. എം.ജി.ആറും ജയലളിതയും അടക്കമുള്ള നേതാക്കൾ അത് തെളിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

തെലുങ്ക് രാഷ്ട്രീയത്തിലെ എൻ.ടി. രാമറാവുവിനെയും റോജ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങൾ മനസിലാക്കി അധികാരത്തിലെത്തിയതിന് പിന്നാലെ അവ നടപ്പാക്കാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന് മികച്ച ഭരണാധികാരി എന്ന പേര് നേടിക്കൊടുത്തതെന്നും റോജ പറഞ്ഞു.

സിനിമയിലെ താരപദവിയും ആരാധക പിന്തുണയും ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ജനങ്ങളോടുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മുൻകാല താരരാഷ്ട്രീയക്കാർ ചെയ്തതെന്നും അവർ പറഞ്ഞു. എം.ജി.ആറിന്റെയും ജയലളിതയുടെയും എൻ.ടി.ആറിന്റെയും രാഷ്ട്രീയ യാത്ര താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും റോജ വ്യക്തമാക്കി.

അതേസമയം, വിജയ്ക്ക് തന്റെ ഭരണശേഷി തെളിയിക്കാനുള്ള സമയമാണിതെന്നും റോജ പറഞ്ഞു. നേരിട്ട് പാർട്ടി രൂപീകരിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയതിനാൽ ഭരണസംവിധാനവും രാഷ്ട്രീയ പ്രവർത്തനവും മനസിലാക്കാൻ അദ്ദേഹത്തിന് കുറച്ച് സമയം വേണ്ടിവരുമെന്നും അവർ അഭിപ്രായപ്പെട്ടു. അഞ്ച് വർഷം പൂ‌ർത്തിയാകുമ്പോഴേ വിജയ്‌ സർക്കാരിന്റെ കഴിവ് ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും റോജ പറയുന്നു.

വിജയ‌്‌യുടെ മുൻഗാമികൾക്ക് രാഷ്ട്രീയത്തിലും ഭരണത്തിലും ദീർഘകാല പരിചയമുണ്ടായിരുന്നുവെന്നതാണ് പ്രധാന വ്യത്യാസമെന്ന് റോജ ചൂണ്ടിക്കാട്ടി. വിജയ്ക്ക് ആ അനുഭവം നേടാൻ സമയം ആവശ്യമാണെന്നും അവർ പറഞ്ഞു. പരിചയസമ്പന്നരായ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പ്രയോജനപ്പെടുത്തി ഭരണകാര്യങ്ങൾ മനസിലാക്കി മുന്നോട്ടുപോയാൽ അദ്ദേഹത്തിനും മികച്ച രീതിയിൽ പ്രവർത്തിക്കാനാകുമെന്നാണ് റോജയുടെ വിലയിരുത്തൽ.

English Summary

Actress Roja asserted that film personalities can be effective administrators, citing MGR, Jayalalithaa, and NT Rama Rao as examples. Commenting on actor Vijay's political entry, she highlighted his popularity's resemblance to past leaders. Roja suggested Vijay needs time to prove his administrative capabilities and should utilize advice from experienced retired IAS officers to succeed in governance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TVK, ROJA, LATESTNEWS, VIJAY TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360