
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ,തിരഞ്ഞെടുപ്പ് കമ്മിഷണർ എന്നിവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 2023ലെ കേന്ദ്രനിയമം എക്‌സിക്യൂട്ടീവിന് 'വീറ്റോ" അധികാരം നൽകുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ, സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മിഷനെ ആശ്രയിച്ചാണിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ ഭരണഘടന ബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള നിരീക്ഷണത്തിൽ കോടതി ചൂണ്ടിക്കാട്ടി. വിശാലബെഞ്ചിലേക്ക് വിടുന്നതിനോട് രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് ദീപാങ്കർ ദത്തയ്‌ക്ക് എതിർപ്പായിരുന്നു. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അനുകൂലമായിരുന്നു. വ്യത്യസ്‌ത നിലപാടാണെങ്കിലും ഹർജികളിലെ തീർപ്പ് വൈകരുതെന്ന താത്പര്യം മുൻനിറുത്തി ഏകകണ്‌ഠമായി തീരുമാനമെടുക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടിരുന്നു. എത്ര അംഗങ്ങളുള്ള ഭരണഘടന ബെഞ്ച് രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ,അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന തുടങ്ങിയവരാണ് ഹർജിക്കാർ.
'വിശ്വാസ്യത"യിൽ ഊന്നി സുപ്രീംകോടതി
പ്രധാനമന്ത്രി,ലോക്‌സഭ പ്രതിപക്ഷ നേതാവ്,കേന്ദ്രമന്ത്രി എന്നിവരടങ്ങുന്ന സമിതി നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ 'വിശ്വാസ്യത"യില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. 2023ലെ കേന്ദ്രനിയമത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികൾ ഭരണഘടന ബെഞ്ചിലേക്ക് വിട്ടുകൊണ്ടാണിത്. ഒരു അമ്പയർ ബാറ്റിംഗ് ടീമിനെ തിരഞ്ഞെടുക്കുകയാണെന്ന് വയ്‌ക്കുക. അദ്ദേഹം അമ്പയിറിംഗ് നടത്തുമ്പോൾ ശരിയായ തീരുമാനമെടുത്താൽ പോലും,ബാറ്റിംഗ് ടീമിനോട് പക്ഷപാതം കാണിക്കുന്നുണ്ടോയെന്ന സംശയത്തിന്റെ നിഴലിലായിരിക്കും. പ്രധാനമന്ത്രി നോമിനേറ്റ് ചെയ്യുന്ന കേന്ദ്രമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിർക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തീരുമാനങ്ങൾ ഏകകണ്ഠമെന്ന് കമ്മിഷൻ
എസ്.ഐ.ആർ ഉൾപ്പെടെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കമ്മിഷണർമാർ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, ചില പ്രത്യേക കുറിപ്പുകളെ മാത്രം എടുത്തുകാട്ടി വിവാദമുണ്ടാക്കുന്നു.
ഇന്ത്യയ്‌ക്കെതിരായ കുറ്റകൃത്യമെന്ന് രാഹുൽ
വോട്ട് തട്ടിയെടുക്കലാണ് നടന്നതെന്നും അത് ഇന്ത്യൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യമാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയാണെന്ന മാദ്ധ്യമവാർത്തകൾ തെറ്റാണെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. ഗ്യാനേഷിന് പദവിയിൽ തുടരാൻ അവകാശമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഗ്യാനേഷ് രാജിവയ്‌ക്കണമെന്ന് സി.പി.ഐയും അറസ്റ്റു ചെയ്യണമെന്ന് തൃണമൂൽ നേതാവ് മമത ബാനർജിയും ആവശ്യപ്പെട്ടു.
The Supreme Court has observed that the 2023 law governing the appointment of the Chief Election Commissioner and Election Commissioners gives the executive substantial control over the selection process. The court has referred challenges to the law to a five-judge Constitution Bench.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |