
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനമടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായാണോ നടക്കുന്നതെന്ന കാര്യത്തിൽ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചതോടെ പ്രതിപക്ഷ ആരോപണങ്ങൾ ബലപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവരെ എസ്.ഐ.ആർ പ്രക്രിയയിൽ അടക്കം ഇരുട്ടിൽ നിറുത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമാണെന്ന് പുറമെയും തോന്നേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വാക്കാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നത് സംബന്ധിച്ച് 2023ൽ കൊണ്ടുവന്ന കേന്ദ്രനിയമത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജികൾ ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
തങ്ങളുടെ സാന്നിദ്ധ്യമോ സമ്മതമോ ഇല്ലാതെ സുപ്രധാന തീരുമാനങ്ങളുണ്ടായെന്ന് രണ്ട് കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് കത്തെഴുതി എന്ന വിവരവും അതിനിടെ പുറത്തുവന്നു. 10 മാസത്തിനിടെ 14 വിയോജിപ്പുകളാണ് ഇരുവരും രേഖപ്പെടുത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഉൾപ്പെടെ മൂന്നുപേരടങ്ങുന്ന ഫുൾ കമ്മിഷൻ കഴിഞ്ഞ മേയ് മുതൽ ആഗസ്റ്റ് വരെ ഒരു തവണപോലും കൂടിയിട്ടില്ല. ഏകകണ്ഠമായോ, മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടയോ ആണ് തീരുമാനങ്ങളെടുക്കേണ്ടത്. ഈ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയൊ അദ്ദേഹം രാജിവയ്ക്കുകയോ വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ, വ്യത്യസ്‌ത അഭിപ്രായങ്ങൾ സ്വാഭാവികമെന്നാണ് തിരഞ്ഞടുപ്പ് കമ്മിഷന്റെ നിലപാട്.
കമ്മിഷണർമാരുടെ എതിർപ്പ്
1. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സമർപ്പിക്കേണ്ട ഫോം 6ൽ മാറ്റം വരുത്താൻ സർക്കാരിനാണ് അധികാരം. 'മാതാപിതാക്കളുടെ പേര് അവസാനത്തെ എസ്.ഐ.ആർ പട്ടികയിൽ ഉണ്ടായിരുന്നോ?"എന്ന ചോദ്യം ഫോമിൽ ഉൾപ്പെടുത്തിയതിനെയും കമ്മിഷണർമാർ ചോദ്യം ചെയ്‌തിരുന്നു.
2.ബംഗാളിലെ എസ്.ഐ.ആറിൽ പുറത്താക്കപ്പെട്ട 60 ലക്ഷത്തിൽപ്പരം വോട്ടർമാരിൽ 33 ലക്ഷത്തിൽപ്പരം പേരെ സുപ്രീംകോടതി നിയോഗിച്ച ജുഡിഷ്യൽ ഓഫീസർമാർ പരിശോധന നടത്തി നിലനിറുത്തിയിരുന്നു. അതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷക്കണക്കിന് അപ്പീലുകളാണ് ഫയൽ ചെയ്‌തത്. ആരാണ് അതിന് അനുമതി നൽകിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കമ്മിഷണർമാർ ആരാഞ്ഞെങ്കിലും മറുപടിയുണ്ടായില്ല.
3.ഇ.സി.ഐ നെറ്ര് പോർട്ടൽ കൊണ്ടുവന്ന് മാസങ്ങൾക്കകം സംവിധാനം തകർന്നുവെന്നാണ് കമ്മിഷണർമാരുടെ നിലപാട്. വോട്ടർമാരുടെ പേരുകൾ ചേർക്കാനും ഒഴിവാക്കാനും അധികാരം പ്രാദേശിക തലത്തിലെ ഉദ്യോഗസ്ഥർക്കാണ്. അവരെ മാറ്റിനിറുത്തി പകരം ഡൽഹിയിലെ ഐ.ടി വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി. ഇക്കാര്യത്തിൽ ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല.
4.ജൂലായ് അവസാനത്തോടെ കമ്മിഷന്റെ ഭരണവിഭാഗത്തിൽ പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ ഐ.ടി ഫയലുകളുടെ നിയന്ത്രണമേറ്റെടുത്ത് ഉത്തരവിറക്കിയിരുന്നു. ഇരു കമ്മിഷണർമാരും സംയുക്തമായി ആ ഉത്തരവ് റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |