SignIn
Kerala Kaumudi Online
Thursday, 24 September 2026 3.30 AM IST

 ഇറാനെതിരെ ട്രംപിന്റെ പുതിയ നീക്കം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ഇടനാഴിക്ക് പിന്തുണ

s

വാഷിംഗ്ടൺ: ഇറാനെതിരെ പുതിയ പടയൊരുക്കത്തിന് തിരികൊളുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ (ഐ.എം.ഇ.സി) ശക്തമായി പിന്തുണയ്ക്കുമെന്ന് അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ (യു.എൻ)​ ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇടനാഴി വന്നാൽ, ഇറാൻ സൃഷ്ടിക്കുന്ന തടസങ്ങൾ നീക്കി ഊർജ്ജകൈമാറ്റം നടത്താനാകും.

ഹോർമുസിലെ സുരക്ഷാ പ്രതിസന്ധി ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം, പ്രാദേശിക സുരക്ഷാ പ്രശ്നങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ കാരണങ്ങളാൽ ഐ.എം.ഇ.സി ഇപ്പോഴും പൂർണമായും നടപ്പാക്കപ്പെട്ടിട്ടില്ല. ചില അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

'അയൽരാജ്യങ്ങളിലെ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ, പശ്ചിമേഷ്യയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ഇറാന്റെ നിയന്ത്രണത്തിലുള്ള ചെക്ക്‌പോസ്റ്റുകളിൽ നിന്നുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. അതിനാൽ പൈപ്പ്‌ലൈനിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ എണ്ണ പുറത്തെത്തിക്കാൻ തന്റെ ഭരണകൂടം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ പിന്തുണയ്ക്കും'-ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഐ.എം.ഇ.സി

2023 സെപ്തംബബർ 9ന് ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ഈ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. റെയിൽ, കപ്പൽ ഗതാഗതം, ഊർജ്ജം, ഡിജിറ്റൽ ലിങ്കുകൾ തുടങ്ങിയവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബഹുരാഷ്ട്ര സാമ്പത്തിക ഇടനാഴി. ഇന്ത്യ, യു.എസ്, സൗദി അറേബ്യ, യു.എ.ഇ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവർ എം.ഒ.യു.വിൽ ഒപ്പിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഗൾഫുമായും അവിടെ നിന്ന് യൂറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പദ്ധതി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കും ഇറാനുമായി ബന്ധപ്പെട്ട കടൽപാതാ നിയന്ത്രണങ്ങൾക്കും ബദലായാണ് പദ്ധതിയെ വിലയിരുത്തുന്നത്. ഇന്ത്യ-യൂറോപ്പ് വ്യാപാരത്തിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും മൂന്ന് മേഖലകൾ തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും പദ്ധതിക്ക് കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360