SignIn
Kerala Kaumudi Online
Monday, 25 May 2026 6.03 AM IST

കേരള പ്രീമിയർ ലീഗ് :13ാം പതിപ്പിന് 8ന് കിക്കോഫ്

football

കൊച്ചി: കേരള ഫുട്‌ബാൾ അസോസിയേഷൻ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിന്റെ (കെ.പി.എൽ) 13ാം പതിപ്പ് ഈമാസം എട്ടിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്‌.സിയും കാലിക്കറ്റ് എഫ്‌.സിയും തമ്മിൽ പോരാടും.

സൂപ്പർ ലീഗ് ടീമായ കാലിക്കറ്റ് എഫ്‌.സി, കോർപ്പറേറ്റ് എൻട്രിയിലൂടെയാണ് കെ.പി.എല്ലിൽ ആദ്യമായി കളിക്കുന്നത്. വൈകിട്ട് ഏഴിനാണ് കിക്കോഫ്.

സീസണിൽ സംസ്ഥാനത്തെ 14 ക്ലബുകളാണ് മത്സരിക്കുന്നത്. കാലിക്കറ്റ് എഫ്.സിക്ക് പുറമേ, കെ.പി.എൽ രണ്ടാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഇ.എം.ഇ.എ കോളജ്, സായ് കൊല്ലം എന്നീ ടീമുകളാണ് മറ്റു പുതുമുഖക്കാർ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി., ഗോൾഡൻ ത്രെഡ്‌സ് എഫ്‌.സി., റിയൽ മലബാർ എഫ്‌.സി., ഇന്റർ കേരള എഫ്‌.സി., കെ.എസ്.ഇ.ബി., കേരള പൊലീസ്, വയനാട് യുണൈറ്റഡ് എഫ്‌.സി., പി.എഫ്.സി കേരള, കോവളം എഫ്‌.സി., കേരള യുണൈറ്റഡ് എഫ്‌.സി എന്നിവയാണ് മറ്റു ടീമുകൾ.

കെ.പി.എൽ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യൻ ഫുട്‌ബാൾ ലീഗ് മൂന്നിലേയ്‌ക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

14 ടീമുകളെ എഴ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി (ഗ്രൂപ്പ് എ., ബി) തിരിച്ചാണ് ആദ്യവട്ട മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പർ എട്ടിലെ മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. തുടർന്ന് സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ.

ആകെ 73 മത്സരങ്ങളുണ്ടാകും. കോഴിക്കോടിന് പുറമേ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ഫള്ഡ്‌ലൈറ്റിന് കീഴിലാകും ഭൂരിഭാഗം മത്സരങ്ങളും. മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.

കെ.എഫ്.എ ട്രഷറർ റജിനോൾഡ് വർഗീസ്, എറണാകുളം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KPL 13 EDITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360