SignIn
Kerala Kaumudi Online
Monday, 25 May 2026 1.51 AM IST

മുംബയ് തോറ്റു, കൊല്‍ക്കത്തയും പഞ്ചാബും പുറത്തായി; രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍

ipl

മുംബയ്: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍. മുംബയുടെ തോല്‍വിയോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും പ്ലേഓഫ് കാണാതെ പുറത്തായി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 30റണ്‍സ് ജയവുമായി 16 പോയിന്റ് നേടിയ രാജസ്ഥാന്‍ നാലാം സ്ഥാനക്കാരായിട്ടാണ് പ്ലേഓഫ് ടിക്കറ്റ് ഉറപ്പിച്ചത്. ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയുടെ തുടക്കം മോശമായിരുന്നു. മുന്‍നിരയില്‍ രോഹിത് ശര്‍മ്മ 0(4), റയാന്‍ റിക്കിള്‍ടണ്‍ 12(7), നമന്‍ ധീര്‍ 6(5), തിലക് വര്‍മ്മ 3(7) എന്നിവര്‍ മടങ്ങിയപ്പോള്‍ സ്‌കോര്‍ വെറും 38 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍. പിന്നീട് വന്ന വില്‍ ജാക്‌സ് 33(18), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 34(15) എന്നിവരെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ 16ാം ഓവറില്‍ ഹാര്‍ദിക് പുറത്തായതോടെ റോയല്‍സിന് വീണ്ടും പ്രതീക്ഷയായി.

അവസാന നാല് ഓവറുകളില്‍ മുംബയ്ക്ക് വേണ്ടിയിരുന്നത് 56 റണ്‍സ്. ഈ ഓവറില്‍ കോര്‍ബിന്‍ ബോഷ് 2(4) പുറത്തായതോടെ മുംബയ് പരുങ്ങലിലായി.

തൊട്ടടുത്ത ഓവറില്‍ തിളങ്ങി നിന്ന സൂര്യകുമാര്‍ യാദവും 60(42) പുറത്തായതോടെ മുംബയ് പരാജയം ഉറപ്പിച്ചു. ദീപക് ചഹാര്‍ 8(5) ഒമ്പതാമനായി മടങ്ങി. ഷാര്‍ദുള്‍ താക്കൂര്‍ 10*(11), ഗസന്‍ഫാര്‍ 2*(3) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ്മ, യാഷ് രാജ് പഞ്ച എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. 38(26) റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരേല്‍ ആണ് ടോപ് സ്‌കോറര്‍. ജോഫ്ര ആര്‍ച്ചര്‍ 32(15), ദസൂണ്‍ ഷനക 29(15), യശസ്വി ജയ്‌സ്‌വാള്‍ 27(17) എന്നിവരും ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദീപക് ചഹാര്‍, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ മുംബയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വില്‍ ജാക്‌സ്, ഗസന്‍ഫാര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360