
വുഹാൻ : ചൈനയിലെ വുഹാനിലിരുന്ന് ഹൈദരാബാദിലെ രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഇന്ത്യൻ ഡോക്ടർ. ടോംഗ്ജി ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. സയ്യിഗ് മുഹമ്മദ് ഗൗസാണ് മെഡിക്കൽ രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചത്.
ചൈനീസ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് സംവിധാനങ്ങളും അതിവേഗ 5G കണക്റ്റിവിറ്റിയും ഉപയോഗിച്ച് വെറും 90 മിനിറ്റുകൊണ്ടാണ് ഈ ശസ്ത്രക്രിയ ഡോക്ടർ സയ്യിഗ് പൂർത്തിയാക്കിയത്. മൂത്രാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ് ഇത്തരത്തിൽ വിജയകരമായി നടത്തിയത്. ടോംഗ്ജി ആശുപത്രിയിലെ ഡോക്ടർമാരും ഹൈദരാബാദിലെ മെഡിക്കൽ സംഘവും തമ്മിലുള്ള കൃത്യമായ ഏകോപനത്തിലൂടെയാണ് ശസ്ത്രക്രിയ നടന്നത്.
ഓപ്പറേഷന് മുന്നോടിയായി വുഹാനിലെയും ഹൈദരാബാദിലെയും മെഡിക്കൽ സംഘം ഓൺലൈൻ വഴി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. രോഗിയുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് റോബോട്ടിക് കൈകളുടെ ചലനപഥം അവർ മുൻകൂട്ടി നിശ്ചയിച്ചത്. ഹൈദരാബാദിലെ മെഡിക്കൽ സംഘമാണ് രോഗിയെ അനസ്തേഷ്യ നൽകി ശസ്ത്രക്രിയക്ക് സജ്ജനാക്കിയത്. അത്യാധുനിക സർജിക്കൽ ഉപകരണങ്ങളും ഹൈ-ഡെഫനിഷൻ 3ഡി ക്യാമറകളും അടങ്ങുന്നതായിരുന്നു ഹൈദരാബാദിലെ റോബോട്ടിക് സജ്ജീകരണം.
വുഹാനിലെ ടോംഗ്ജി ഹോസ്പിറ്റലിലെ കൺസോളിലിരുന്നാണ് ഡോ.ഗൗസ് സിസ്റ്റം നിയന്ത്രിച്ചത്. ഹൈദരാബാദിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള തത്സമയ 3D ദൃശ്യങ്ങൾ വുഹാനിലെ സ്ക്രീനിൽ കണ്ടുകൊണ്ട് അദ്ദേഹം റോബോട്ടിക് കൈകളെ റിമോട്ട് വഴി നിയന്ത്രിക്കുകയായിരുന്നു.
ഡോക്ടറുടെ കൈചലനങ്ങളെ അതേപടി തത്സമയം അനുകരിച്ചാണ് റോബോട്ടിക് കൈകൾ പ്രവർത്തിച്ചത്. 5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ വെറും 200 മില്ലിസെക്കൻഡിനുള്ളിൽ നിർദേശങ്ങൾ വുഹാനിൽ നിന്നും ഹൈദരാബാദിലേക്ക് കൈമാറാൻ സാധിച്ചു. ഓപ്പറേഷൻ വിജയിച്ചതോടെ ഡോക്ടർ സയ്യിഗ് മുഹമ്മദ് ഗൗസിനെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |