
ന്യൂഡൽഹി: ആരും കൈവരിക്കാത്ത നേട്ടത്തിലേക്ക് വേഗത്തിൽ ഓടിക്കയറി ചരിത്രം കുറിച്ചിരിക്കുകയാണ് കായിക താരം ഗുരീന്ദർവീർ സിംഗ്. ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 10.09 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയാണ് പഞ്ചാബിൽ നിന്നുള്ള ഇരുപത്തഞ്ചുകാരൻ പുതിയ ദേശീയ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.
ഇതോടെ ഈ സീസണിൽ ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയേറിയ താരമായി ഗുരീന്ദർ മാറി. ജപ്പാന്റെ ഫുക്കുട്ടോ കൊമൂറെ (10.08) ആണ് ഒന്നാമൻ.100 മീറ്ററിൽ 10.10 സെക്കൻഡിന് താഴെ ഫിനിഷ് ചെയ്യുന്ന ഇന്ത്യൻ ചരിത്രത്തിലെ ആദ്യതാരം കൂടിയാണ് ഗുരീന്ദർവീർ സിംഗ്.കഴിഞ്ഞ വർഷം 10.18 സെക്കൻഡ് എന്ന ദേശീയ റെക്കോർഡ് നേടിയ ഒഡീഷയുടെ അനിമേഷ് കുജൂറിന്റെ റെക്കോർഡാണ് ഗുരീന്ദർവീർ സിംഗ് വേഗത്തിൽ തകർത്തത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിർസ മുണ്ട സ്റ്റേഡിയം ഇന്ത്യൻ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച നടന്ന സെമിഫൈനലിലെ ആദ്യ ഹീറ്റ്സിൽ 10.17 സെക്കൻഡിൽ ഓടിയെത്തി ഗുരീന്ദർവീർ തുടക്കത്തിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അനിമേഷ് കുറിച്ച 10.18 സെക്കൻഡ് എന്ന റെക്കോർഡ് ഇതോടെ തകർന്നു. തൊട്ടടുത്ത മിനിറ്റുകളിൽ നടന്ന രണ്ടാമത്തെ സെമി ഹീറ്റ്സിൽ അനിമേഷ് കുജൂർ 10.15 സെക്കൻഡിൽ ഓടിയെത്തി റെക്കോഡ് തിരിച്ചുപിടിച്ചു.
എന്നാൽ ഇന്നലെ ഫൈനലിൽ അനിമേഷിന്റെ റെക്കോർഡ് തകർത്തെറിഞ്ഞ് 10.09 സെക്കൻഡ് എന്ന അവിശ്വസനീയമായ ടൈമിങ്ങിൽ ഗുരീന്ദർ റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഗുരീന്ദറും അനിമേഷും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |