SignIn
Kerala Kaumudi Online
Friday, 19 June 2026 9.04 PM IST

കഴിഞ്ഞ വർഷം 'ആദർശ സഹോദരൻ', ഇത്തവണ വെറും 'പ്രതിപക്ഷ നേതാവ്'; ജന്മദിനാശംസയിൽ രാഹുൽ ഗാന്ധിയോട് അകൽച്ച തെളിയിച്ച് സ്റ്റാലിൻ

stalin-rahul-gandhi

ന്യൂഡൽഹി: 2025 ജൂൺ 19 മുതൽ 2026 ജൂൺ 19 വരെയുള്ള ഒരു വർഷത്തിനിടയിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് സംഭവിച്ചത്. അതിൽ പ്രത്യേകിച്ചും എടുത്ത് പറയേണ്ടത് കോൺഗ്രസ് ഡിഎംകെ ബന്ധത്തിലെ വിള്ളലാണ്. ആ മാറ്റം രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കുവച്ച ആശംസകളിൽ നിന്നു തന്നെ പ്രകടമാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തികച്ചും ഔദ്യോഗികമായാണ് ഇത്തവണ സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നത്. ഇത് ഇരുപാർട്ടികളും തമ്മിലുള്ള വ്യക്തമായ അകൽച്ചയുടെ സൂചനയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


കഴിഞ്ഞ വർഷം സ്റ്റാലിൻ കുറിച്ചത് ഇങ്ങനെയായിരുന്നു: 'രക്തബന്ധത്താലല്ല, ചിന്തകൊണ്ടും ദർശനം കൊണ്ടും ലക്ഷ്യം കൊണ്ടും ഒന്നായ എന്റെ ആദർശ സഹോദരന് ജന്മദിനാശംസകൾ'. എന്നാൽ ഇന്ന് സ്റ്റാലിൻ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: 'ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നു'. വ്യക്തിപരമായി ഉണ്ടായിരുന്ന അടുപ്പത്തിൽ നിന്നും തികച്ചും ഔദ്യോഗികമായ ശൈലിയിലേക്കുള്ള ഈ മാറ്റം കോൺഗ്രസ്- ഡിഎംകെ ബന്ധം എത്രത്തോളം അകന്നു എന്നതിന്റെ നേർക്കാഴ്ചയാണ്.

സ്റ്റാലിന്റെ തണുപ്പൻ പ്രതികരണത്തിന് മറുപടിയായി, സഖ്യം വീണ്ടെടുക്കാനുള്ള ഒരു അനുനയ സന്ദേശമാണ് രാഹുൽ ഗാന്ധി നൽകിയത്. 'രാജ്യത്തെയും ഭരണഘടനയെയും ഫെഡറൽ തത്വങ്ങളെയും സംരക്ഷിക്കാനുള്ള നമ്മുടെ ഒരുമിച്ചുള്ള തീരുമാനം ഇനിയങ്ങോട്ടും നമ്മെ നയിക്കും. ഇത് ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടമാണ്. വിജയിക്കും വരെ നമ്മൾ ഒപ്പമുണ്ടാകും'.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയിയുടെ ടിവികെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിൽ ഡിഎംകെ കടുത്ത അമർഷത്തിലാണ്. ഇതേത്തുടർന്ന് ഡിഎംകെ കോൺഗ്രസുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുകയും ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയിൽ നിന്ന് അകലം പാലിക്കുകയും ചെയ്തിരുന്നു. ഈ മാസമാദ്യം നടന്ന 'ഇന്ത്യ' മുന്നണിയുടെ യോഗത്തിൽ ഡിഎംകെ പങ്കെടുത്തിരുന്നില്ല. കൂടാതെ, സഭയിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഇരിക്കാൻ താല്പര്യമില്ലെന്ന് കാണിച്ച് പുതിയ സീറ്റിംഗ് ക്രമീകരണത്തിനായി ഡിഎംകെ ലോക്‌സഭാ സ്പീക്കർക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, M K STALIN, RAHULGANDHI, LATESTNEWS, DMK, TVK GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360