SignIn
Kerala Kaumudi Online
Friday, 19 June 2026 7.49 PM IST

സാംഗ്പോ നദിയിൽ അണക്കെട്ട് നിർമാണം വേഗത്തിലാക്കി ചൈന; അരുണാചലിൽ തടയിടാൻ ഇന്ത്യ

china

ഇറ്റാനഗർ: ഇന്ത്യയുമായുള്ള അതിർത്തി തർക്കം തുടരുന്നതിനിടെ സാംഗ്പോ നദിയിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചൽപ്രദേശിൽ നിന്ന് വെറും അമ്പത് കിലോമീറ്റർ അകലെ ടിബറ്റിലെ യാർലുംഗ് സാംഗ്പോ നദിയുടെ താഴ്ന്ന ഭാ​ഗത്ത് അണക്കെട്ടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ചൈനയുടെ ഈ നീക്കം ഇന്ത്യയിലും അയൽരാജ്യമായ ബംഗ്ലാദേശിലും കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഏകദേശം 170 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ചൈനയുടെ തന്നെ 'ത്രീ ഗോർജസ് ഡാമിനേക്കാൾ' മൂന്നിരട്ടിയിലധികം ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. ബ്രഹ്‌മപുത്ര നദി വടക്കുകിഴക്കൻ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ പ്രധാന ജീവനാഡിയാണ്. ചൈന ഇവിടെ ഭീമൻ അണക്കെട്ട് നിർമ്മിക്കുന്നതോടെ നദിയിലെ സ്വാഭാവിക ജലയൊഴുക്ക് തടസപ്പെടുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഇതിന് പ്രതിരോധമെന്നോണം അരുണാചൽ പ്രദേശിലെ സിയാംഗ് നദിയിൽ 11000 മെഗാവാട്ട് ശേഷിയുള്ള സിയാംഗ് അപ്പർ മൾട്ടിപർപ്പസ് പദ്ധതി നിർമാണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ചൈനയുടെ അതിർത്തി കടന്നുള്ള ഡാം നിർമാണത്തിന് മറുപടിയായി അതിർത്തി സുരക്ഷയും ജലസംഭരണവും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

ഇത് യാഥാർത്ഥ്യമായാൽ രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി മാറും. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതിയിലൂടെ പ്രതിവർഷം 47 ബില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 1.5 ലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്കായി കണക്കാക്കുന്ന ചെലവ്.

ചൈന നിർമിക്കുന്ന മെഡോഗ് ജലവൈദ്യുത പദ്ധതി 60,000 മെഗാവാട്ട് ശേഷിയുള്ളതാണ്. പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൃഷിയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം വലിയ വെള്ളപ്പൊക്കത്തിനും ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CHINA, INDIA, ARUNACHAL PRADESH, DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360