
കൊച്ചി: ഇന്ത്യൻ റെയിൽവെയുടെ മുഖം മാറ്റിയ ട്രെയിൻ ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് വന്ദേഭാരത് എക്സ്പ്രസ് എന്നായിരിക്കും. ഇന്ന് ഇന്ത്യൻ റെയിൽവെയുടെ കീഴിൽ 164 വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സെമി-ഹൈസ്പീഡ് ട്രെയിനുകൾ ഇന്ത്യയിലെ 274 ജില്ലകളിലെ പ്രധാന സാംസ്‌കാരിക, ആത്മീയ, സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. കേരളത്തിൽ ഇതിനോടകം രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സർവീസ് ആരംഭിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിലെ സർവീസ് മികച്ച പ്രതികരണങ്ങളാണ് നേടിയെടുത്തത്.
എന്നാൽ ഇപ്പോഴിതാ കേരളത്തിൽ സർവീസ് നടത്തുന്ന തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സർവീസ് ദക്ഷിണ റെയിൽവെയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ട്രെയിനുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം, 2025 ആഗസ്റ്റ്-ഒക്ടോബർ കാലയളവിൽ ഈ ട്രെയിൻ 73.35 ലക്ഷം രൂപയുടെ വരുമാനമാണ് റെയിൽവെയ്ക്ക് നൽകിയത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വന്ദേഭാരത് സർവീസാണിത്.
തെക്കുപടിഞ്ഞാറൻ തീരത്തുള്ള നിരവധി പ്രധാന വാണിജ്യ, വിദ്യാഭ്യാസ, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ വന്ദേഭാരത് സർവീസ് നടത്തുന്നത്. മികച്ച സൗകര്യങ്ങളും വേഗതയും യാത്രക്കാരെ ആകർഷിക്കുന്നു. ബിസിനസ്സ് യാത്രക്കാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവരാണ് വന്ദേഭാരതിനെ കൂടുതൽ ആശ്രയിക്കുന്നത്.
വരുമാന റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നതിന് പുറമേ, ഈ കാലയളവിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ബുക്കിംഗ് നടത്തിയതും തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ആണ്. 11,896 ബുക്കിംഗുകളാണ് ഈ സർവീസിൽ ഉണ്ടായത്. ദക്ഷിണ റെയിൽവെയുടെ കീഴിൽ സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് റൂട്ടുകളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്നതാണ്. ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേഭാരത് എക്സ്പ്രസ് 2,832 ബുക്കിംഗുകൾ രേഖപ്പെടുത്തിയപ്പോൾ കോയമ്പത്തൂർ ജംഗ്ഷൻ- ബംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് എക്സ്പ്രസ് 835 ബുക്കിംഗുകളാണ് രജിസ്റ്റർ ചെയ്തത്.
പ്രധാന നഗരങ്ങളെ കുറഞ്ഞ സമയത്തിനുള്ളിൽ ബന്ധിപ്പിക്കുന്നു, മെച്ചപ്പെട്ട യാത്രാ സുഖസൗകര്യങ്ങൾ എന്നിവയാണ് ഈ സർവീസിന്റെ ജനപ്രീതിക്ക് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. തിരുവനന്തപുരം-മംഗളൂരു റൂട്ട് ഉൾപ്പെടെ ദക്ഷിണ റെയിൽവേ നടത്തുന്ന നിരവധി വന്ദേ ഭാരത് സർവീസുകളിൽ സീറ്റ് ഒക്യുപ്പെൻസി നിരക്ക് സ്ഥിരമായി 100 ശതമാനം കവിയാറുണ്ടെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിൽ വന്ദേഭാരത് സർവീസിന് മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ പുതിയ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും യാത്രക്കാർ ഇതിനിടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |