
ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെ മറികടന്ന് നാം ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ജീവിതംതന്നെ മാറ്റിമറിക്കും. അത്തരത്തിലൊരു ധീരമായ തീരുമാനത്തിലൂടെയാണ് മലപ്പുറം സ്വദേശിനിയായ 28കാരി സാരംഗി കൃഷ്ണ ഇന്ന് കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന വനിതാ ഫോട്ടോഗ്രാഫറായി മാറിയത്.
ഇംഗ്ലീഷ് ലിറ്ററേച്ചറിൽ എം.എ., ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ, പ്രൊഫഷണൽ ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ എന്നീ യോഗ്യതകളുള്ള സാരംഗി, ഒരുകാലത്ത് ഒരു പ്രമുഖ അഡ്വർടൈസിംഗ് സ്ഥാപനത്തിൽ ഓപ്പറേഷൻസ് മാനേജറായും ആങ്കറായും പ്രവർത്തിച്ചിരുന്നു. കണ്ടന്റ് ക്രിയേറ്ററായും സിനിമാ അഭിനേത്രിയായും ശ്രദ്ധ നേടിയിരുന്നെങ്കിലും ഫോട്ടോഗ്രഫിയോടുള്ള താൽപര്യമാണ് പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്.
വിവാഹശേഷമാണ് ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ പഠനത്തിന് ചേർന്നത്. 2025ൽ തന്റെ കോർപ്പറേറ്റ് ജോലി രാജിവെച്ച സാരംഗി പൂർണസമയവും തന്റെ സ്വപ്നങ്ങൾക്കായി മാറ്റിവച്ചു. എന്നാൽ, ആ യാത്രയുടെ തുടക്കം അത്ര എളുപ്പമായിരുന്നില്ല.സുഹൃത്തായ ആഷിഫ് തന്റെ ക്യാമറ നൽകി ചിത്രങ്ങൾ പകർത്തി നോക്കാൻ പ്രോത്സാഹിപ്പിച്ചതാണ് ഫോട്ടോഗ്രാഫിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പകർത്തിയ ചിത്രങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾ സാരംഗിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. തുടർന്ന് ക്യാമറ വാടകയ്‌ക്കെടുത്ത് പ്രൊഫഷണൽ ഫോട്ടോഗ്രഫിയിലേക്ക് ഇറങ്ങുകയായിരുന്നു.
മാസത്തിൽ ഒരു വർക്ക് മാത്രമേ ലഭിച്ചിക്കൂവെന്ന സ്ഥിതിയാണെങ്കിലും, ഫോട്ടോഗ്രഫിയിൽ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സാരംഗി. എന്നാൽ, കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൈവിടാതെ മുന്നോട്ട് പോയതിന്റെ ഫലമായി ഇന്ന് സ്വന്തമായി ക്യാമറയും ബ്രാൻഡും സ്ഥാപിച്ച് കേരളമൊട്ടാകെ പ്രവർത്തിക്കുന്ന നിലയിലേക്ക് ഉയരാൻ സാരംഗിക്കായി.
താങ്ങായി നിന്നത് സുഹൃത്തുക്കൾ
ഈ യാത്രയിൽ ഏറ്റവും വലിയ പിന്തുണയായി കൂടെ നിന്നത് സുഹൃത്തുക്കളായിരുന്നു. അവരുടെ പ്രോത്സാഹനവും വിശ്വാസവും സാരംഗിയുടെ മുന്നേറ്റത്തിന് കരുത്തായി.ഫോട്ടോഗ്രാഫി ആരംഭിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ സാരംഗിക്കായി. അതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ടെന്നുതന്നെ പറയാം. പകർത്തുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ അവ കൂടുതൽ ആളുകളിലേക്ക് എത്തുകയും പുതിയ ക്ലയന്റുകളും അവസരങ്ങളും തേടിയെത്തുകയും ചെയ്തു.
ഒരു വനിതാ ഫോട്ടോഗ്രഫർ എന്ന നിലയിൽ സമൂഹത്തിൽ നിന്ന് നിരവധി ചോദ്യങ്ങളും പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കകാലത്ത് ആവശ്യമായ പിന്തുണ പോലും ലഭിക്കാതിരുന്നെങ്കിലും, സ്വന്തം കഴിവിലും ലക്ഷ്യങ്ങളിലും ഉറച്ച വിശ്വാസം പുലർത്തിയാണ് സാരംഗി മുന്നോട്ട് നടന്നത്.
'നമ്മൾ പഠിച്ച മേഖലയിലായിരിക്കണമെന്നില്ല നമ്മുടെ താൽപര്യം. അങ്ങനെയുള്ളപ്പോൾ ആരൊക്കെ എതിർത്താലും സ്വന്തം കഴിവിലും ആഗ്രഹത്തിലും ഉറച്ച് വിശ്വസിക്കണം. വിജയിക്കുമെന്ന വിശ്വാസത്തിൽ ആത്മാർത്ഥമായി പ്രയത്നിച്ചാൽ നമുക്ക് അതിനുള്ള ഫലം എപ്പോഴായാലും കിട്ടും'- സാരംഗി പറയുന്നു.
രേണുസുധിയുടെ വൈറൽ ഫോട്ടോ ഷൂട്ട്
കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത് രേണുസുധിയുമായുള്ള ഒരു ഫോട്ടോഷൂട്ടായിരുന്നു. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് സാരംഗിയുടെ ചിത്രങ്ങൾ എത്തി. തുടർന്ന് തുടർച്ചയായി പുതിയ ക്ലയന്റുകളും അവസരങ്ങളും ലഭിക്കാൻ തുടങ്ങി. ഇന്ന് 'സാരംഗി കൃഷ്ണ ഫോട്ടോഗ്രഫി' എന്ന പേരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവാഹങ്ങൾ, മോഡൽ ഷൂട്ടുകൾ, ബേബി ഷൂട്ടുകൾ, മെറ്റേണിറ്റി ഷൂട്ടുകൾ, വിവിധ ഇവന്റുകൾ എന്നിവ പകർത്തുകയാണ് അവർ. കൂടാതെ 'ടെറാ വാവു' എന്ന വെഡ്ഡിംഗ് സ്ഥാപനവും വിജയകരമായി നടത്തിവരുന്നു. തന്റെ യാത്രയെക്കുറിച്ച് സാരംഗി പറയുന്നത് ഇങ്ങനെയാണ്
'ചെയ്‌തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് ഫോട്ടോഗ്രഫിയിലേക്ക് ഇറങ്ങിയപ്പോൾ പലരും കുറ്റപ്പെടുത്തി, തളർത്താൻ നോക്കി. പക്ഷേ അവിടെയൊന്നും തളരാതെ മുന്നോട്ടുപോയതിന്റെ ഫലമാണ് ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷവും സമാധാനവും. എന്റെ യാത്രയിൽ കൂടെനിന്ന എല്ലാവരോടും നന്ദി'.
ഫോട്ടോഗ്രഫിക്ക് പുറമെ തനിക്ക് ഏറെ താൽപര്യമുള്ള ആങ്കറിംഗും അഭിനയവുമെല്ലാം വിടാതെ പിന്തുടരാനും സാരംഗി ശ്രമിക്കുന്നുണ്ട്. മികച്ച വരുമാനം പോലെതന്നെ സമാധാനവും സന്തോഷവും ജീവിതത്തിന്റെ ഭാഗമാകുന്നതിന് തന്റെ തീരുമാനം വഴിതെളിച്ചതിന്റെ അഭിമാനവും സാരംഗിക്കുണ്ട്.
ഒരിക്കൽ പിന്തുണയില്ലാതെ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ നടന്ന പെൺകുട്ടി, ഇന്ന് അതേ സ്വപ്നങ്ങളിലൂടെയാണ് വിജയവും അംഗീകാരവും സന്തോഷവും സ്വന്തമാക്കിയിരിക്കുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് സ്വപ്നവും യാഥാർഥ്യമാക്കാമെന്ന് തെളിയിക്കുന്ന പ്രചോദനാത്മകമായ കഥയാണ് സാരംഗി കൃഷ്ണയുടേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |