SignIn
Kerala Kaumudi Online
Monday, 25 May 2026 10.01 AM IST

യാത്രക്കാർക്ക് ഭീഷണി, ട്രെയിനിന് കല്ലെറിഞ്ഞാൽ ജീവപര്യന്തം അകത്താവും

train

തിരുവനന്തപുരം:ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ ചുമത്തും. പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അക്രമികൾക്കെതിരെ അതിശക്ത നടപടിയെടുക്കാനാണ് റെയിൽവേ തീരുമാനം.

തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ ആലുവ യു.സി കോളേജിലെ വിദ്യാർത്ഥിനി ഐശ്വര്യയ്ക്ക് കല്ലേറിൽ ഗുരുതര പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.

കേരളത്തിൽ ട്രെയിനിന് കല്ലേറ് വർദ്ധിക്കുകയാണ്. കുട്ടികളും അന്യസംസ്ഥാനക്കാരും യുവാക്കളുമെല്ലാം പ്രതികളായ നൂറുകണക്കിന് കേസുകളുണ്ട്. കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ 1698കേസുകളാണ് രാജ്യത്തുണ്ടായത്. 665പേർ പിടിയിലായി.

കേരളത്തിൽ വന്ദേഭാരതിനു നേരേയടക്കം കല്ലേറുണ്ടായിട്ടുണ്ട്. ട്രെയിൻ അട്ടിമറി ലക്ഷ്യമിട്ട് എൻജിനുകൾക്കും കല്ലെറിയുന്നു.

കല്ലേറ് തടയാനും പ്രതികളെ കണ്ടെത്താനും ആർ.പി.എഫ് പട്രോളിംഗ് ശക്തമാക്കി. നിരന്തരം കല്ലേറുണ്ടാവുന്ന പ്രദേശങ്ങൾ ഹോട്ട്‌സ്പോട്ടുകളാക്കി ഡ്രോൺ, സി.സി.ടി.വി ക്യാമറയടക്കം നിരീക്ഷണ സംവിധാനങ്ങളൊരുക്കും. പതിവായി കല്ലേറുണ്ടാവുന്ന കൊല്ലം പെരിനാട് ഭാഗത്ത് ശക്തമായ നിരീക്ഷണമൊരുക്കിയിട്ടുണ്ട്. വന്ദേഭാരതിന്റെ വിലയേറിയ ഗ്ലാസുകൾ കല്ലേറിൽ തകരുന്നത് റെയിൽവേക്ക്‌ കടുത്ത സാമ്പത്തിക ബാദ്ധ്യതയുമുണ്ടാക്കുന്നു.

തമാശയ്ക്കും കല്ലേറ്

ആലപ്പുഴ-ചെന്നൈ ട്രെയിനിന് കൊച്ചിയിൽ കല്ലെറിഞ്ഞ് നെടുമങ്ങാട് സ്വദേശിയായ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ തലപൊട്ടിച്ചത് 2പ്ലസ്‌വണ്ണുകാർ. തമാശയ്ക്കാണ് കല്ലെറിഞ്ഞതെന്ന് മൊഴി.

നെടുമ്പാശേരിക്കടുത്ത് വന്ദേഭാരതിന് യുവാവ് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കാരണം. 3വട്ടമുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു.

മാർച്ചിൽ ജനശതാബ്ദിക്ക് കല്ലെറിഞ്ഞ് യാത്രക്കാരിയുടെ കൈക്ക് പരിക്കേൽപ്പിച്ചത് പശ്ചിമബംഗാൾ സ്വദേശിയായ 26കാരൻ.

 തിരുനെൽവേലി ജാംനഗർ എക്സ്പ്രസിന് കോഴിക്കോട്ടെ കല്ലേറിൽ 2പേർക്ക് പരിക്ക്. പാലക്കാട്ട് 2മാസം തുടർച്ചയായി കല്ലെറിഞ്ഞത് 4അന്യസംസ്ഥാനക്കാർ.

അരൂർ സ്റ്റേഷനു സമീപം കണ്ണൂർ ഇന്റർസിറ്റി എ‌ക്സ്‌പ്രസിനു നേരെയുണ്ടായ കല്ലേറിൽ എൻജിനു മുന്നിലെ ചില്ല് തകർന്നു. 2പേർ പിടിയിലായി.

 ലക്കിടി റെയിൽവേ സ്റ്റേഷനു സമീപം കന്യാകുമാരി – ബംഗളൂരു എ‌ക്സ്‌പ്രസിനു നേരെ കല്ലേറുണ്ടായി. കളമശേരി സ്വദേശിക്ക് പരിക്കേറ്റു.

പാലരുവി എ‌ക്സ്‌പ്രസിനു നേരെയുണ്ടായ കല്ലേറിൽ തൂത്തുക്കുടി സ്വദേശിയുടെ കണ്ണിന് ഗുരുതര പരിക്ക്.


11ലക്ഷത്തിലേറെ

കേരളത്തിലോടുന്ന 370 ട്രെയിനുകളിലെ പ്രതിദിന യാത്രക്കാർ

''കല്ലേറ് ഗുരുതരമായ സുരക്ഷാഭീഷണിയാണ്. കല്ലേറ് നടത്തുന്നവർ യാത്രക്കാരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ പൊതുജനങ്ങൾ സഹകരിക്കണം.''

-റെയിൽവേ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA