SignIn
Kerala Kaumudi Online
Monday, 25 May 2026 6.50 AM IST

നാലര വയസുകാരിക്ക് ഉൾപ്പെടെ 8 പേർക്കുകൂടി പാമ്പുകടിയേറ്റു

snake

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലരവയസുകാരിക്ക് ഉൾപ്പെടെ എട്ടുപേർക്കുകൂടി പാമ്പുകടിയേറ്റു. കോഴിക്കോട്ടും ആലപ്പുഴയിലും തൃശൂരും രണ്ടുപേർക്കുവീതവും കാസർകോട്ട് നാലര വയസുകാരിക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് കടിയേറ്റത്. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശിനി അഞ്ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്നാണ് പാമ്പു കടിയേറ്റത്.

ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനു ശേഷം മടങ്ങുകയായിരുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് പുത്തൻ വെളിയിൽ ബിന്ദുവിന്റെ മകൾ സാന്ദ്ര (18), വീടിന്റെ ഗേറ്റടയ്‌ക്കാൻ പുറത്തിറങ്ങിയ നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്‌കൂളിലെ അദ്ധ്യാപിക ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് രതീഷിന്റെ ഭാര്യ സിന്ധു (40) എന്നിവർക്കാണ് കടിയേറ്റത്.കാസർകോട് എളേരി വെള്ളരിക്കുണ്ട് എളേരിത്തട്ടിൽ ശരത് ചന്ദ്രന്റെയും അജിതയുടെ മകൾ ഋതുചന്ദ്രയ്ക്ക് (നാലര) മൂർഖൻ പാമ്പിന്റെ കടിയേറ്റു. തൊട്ടടുത്തുള്ള അമ്മാവന്റെ വീട്ടിൽ കൂട്ടുകാരിക്കൊപ്പം കളിക്കുന്നതിനിടയിൽ വിറകിനുള്ളിൽ കുടുങ്ങിപ്പോയ പന്ത് എടുക്കാനായി കൈയിട്ടപ്പോഴാണ് കടിയേറ്റത്.

തിരുവനന്തപുരം കിളിമാനൂരിൽ പൈപ്പിൻ ചുവട്ടിൽവച്ചാണ് ഞായറാഴ്ച രാത്രി തൊളിക്കുഴി പുലിയം പുലിയത്ത് വീട്ടിൽ രാജാമണിയുടെ ഭാര്യ സരിതയ്ക്ക് (26) പാമ്പുകടിയേറ്റത്.തൃശൂരിൽ ഇരിങ്ങാലക്കുട കാറളത്ത് വെള്ളേപറമ്പിൽ വീട്ടിൽ പ്രസീതയ്ക്കും താണിശേരി കനാൽ ബണ്ടിന് സമീപത്തു വച്ച് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടിൽ സനീഷിനും പാമ്പുകടിയേറ്റു.

ചക്ക വീണ് പാമ്പ് ചത്തു

കൊച്ചി: കൂത്താട്ടുകുളം തിരുമാറാടി ഒലിയപ്പുറത്ത് വീട്ടുപറമ്പിൽ തലയിൽ ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു. പറമ്പിനടുത്ത് നാല് ചക്കകൾ വീണു കിടക്കുന്നതുകണ്ട് വീട്ടുകാർ എടുക്കാൻ പോയപ്പോഴാണ് പാമ്പിനെ ചത്ത നിലയിൽ കണ്ടത്. പാമ്പിന്റെ തലയിലാണ് ചക്ക വീണത്. കൂത്താട്ടുകുളത്ത് മാരുതി ജംഗ്ഷൻ മാതാളിയിൽ രുക്മിണിയുടെ വീടിനു സമീപത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.

കിടപ്പുമുറിയിൽ അഞ്ച്

പാമ്പിൻ കുഞ്ഞുങ്ങൾ

കോഴിക്കോട്: കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് കഴിഞ്ഞ ദിവസം ശംഖുവരയൻ ഇനത്തിൽപെട്ട അഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനപ്രവർത്തകൻ കാപ്പുമ്മൽ രമേശിന്റെ വീട്ടിലായിരുന്നു പാമ്പുകളെ കണ്ടത്. കിടപ്പുമുറിയിലെ വിരിപ്പിന് സമീപത്തു നിന്ന് രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായാണ് പാമ്പുകളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA