
തിരുവനന്തപുരം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് നൽകിവന്നിരുന്ന വിദേശമരുന്നിന് പകരം ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് എസ്.എ.ടി ആശുപത്രിയിൽ നിന്ന് നൽകിയത് വിവാദത്തിൽ. 'ഡോക്ടേഴ്സ് സാമ്പിൾ" എന്നും 'ക്ലിനിക്കൽ ട്രയൽസ് " എന്നും രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയെന്നാണ് പരാതി. കുട്ടികളിൽ സർക്കാർ മരുന്നുപരീക്ഷണം നടത്തുകയാണെന്ന ആരോപണം ഉയർന്നു. കേന്ദ്രാനുമതിയുള്ള മരുന്നാണ് നൽകുന്നതെന്നും സാമ്പിളെന്ന് രേഖപ്പെടുത്തിയവയും യഥാർത്ഥമരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു. സാമ്പിളെന്ന് രേഖപ്പെടുത്തിയ ബോട്ടിലുകൾ മാറിനൽകിയതാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ 5 കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറിയ സാമ്പിൾ/ ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ മരുന്ന് തിരിച്ചെടുക്കാൻ നടപടിയായി.
ഒരു കുപ്പിക്ക് (80എൽ.എൽ) 5 ലക്ഷത്തിലേറെ രൂപ വിലവരുന്ന വിദേശ കമ്പനിയുടെ റോഷ് എവിറിസ്ഡി എന്ന മരുന്നാണ് ഏറെക്കാലമായി ഉപയോഗിച്ചുവന്നിരുന്നത്. ഇതിനുപകരം ഹൈദരാബാദ് ആസ്ഥാനമായ നാറ്റ് കോ ഫാർമയുടെ 15,000 രൂപ വിലവരുന്ന മരുന്നാണ് പുതുതായി ഉയോഗിച്ചത്. ഈ മരുന്ന് സർക്കാർ ആശുപത്രികളിൽ 8,000 രൂപയ്ക്ക് വരെ ലഭിക്കുമെന്നും അധികൃതർ പറയുന്നു. കെയർ പദ്ധതി പ്രകാരം സൗജന്യമായും മരുന്ന് നൽകുന്നുണ്ട്. പരീക്ഷണ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയത് നിസാരമായി കാണാനാവില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളെ പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണ്. അടിയന്തര അന്വേഷണം പിണറായി ആവശ്യപ്പെട്ടു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആശങ്ക രേഖപ്പെടുത്തി. വിദേശമരുന്ന് കഴിച്ച് കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. മരുന്ന് മാറ്റി നൽകുന്നത് പ്രതികൂലമാവുമെന്ന ആശങ്കയിലാണ് അവർ.
തീരുമാനമെടുത്തത് കഴിഞ്ഞ സർക്കാർ: മന്ത്രി മുരളീധരൻ ഇപ്പോഴത്തെ മരുന്ന് സാങ്കേതിക വിദഗ്ദ്ധസമിതിയുടെ നിർദേശപ്രകാരമാണ് നൽകിയതെന്ന് മന്ത്രി കെ.മുരളീധരൻ. തീരുമാനം എടുത്തതും സാങ്കേതിക സമിതി കൂടിയതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ഈ സർക്കാർ ഉത്തരവിറക്കുകയായിരുന്നു. പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ കമ്പനിയുടെ കുറഞ്ഞ വിലയുള്ള ജനറിക് മരുന്ന് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത് സ്വാഗതാർഹവും മാതൃകാപരവുമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്
ഡോ.ബി.ഇക്ബാൽ
ആരോഗ്യ വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |