തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം സുഗമമാക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി ദേവസ്വം ബോർഡ്. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്.
ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിംഗിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ തീരുമാനം. ഒരു ബുക്കിംഗിൽ ഒന്നുമുതൽ ആറ് അംഗങ്ങൾ വരെയുള്ള ഭക്തർക്ക് ഒന്നിച്ച് ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിക്കും.
പൊതു അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ 6 ആറ് സ്ലോട്ടുകളായും വൈകീട്ട് രണ്ട് സ്ലോട്ടുകളായും ആകെ എട്ട് സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും. ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകുന്നേരം മാത്രമേ വെർച്വൽ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. അത്തരം ദിവസങ്ങളിൽ വൈകീട്ട് നാലിനും അഞ്ചിനുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം.
ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഓൺലൈൻ വഴിയാക്കുന്ന കാര്യം ഭരണസമിതിയുടെ ആലോചനയിലുണ്ട്. കൂടാതെ, കലാപരിപാടികൾക്കായി ക്ഷേത്രത്തിലെ ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നതും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത് അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു.
Guruvayur Devaswom Board will introduce virtual queue booking for darshan every day from November 1, charging ₹25 per booking. Each booking can include one to six devotees, with reservations opening on the 25th of every month. Up to 2,400 devotees can book daily, while 600 slots will be available on days featuring Udayasthamana Pooja.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |