SignIn
Kerala Kaumudi Online
Monday, 25 May 2026 8.15 AM IST

മയക്കുവെടി ഇനിയെളുപ്പം, ഡ്രോൺ 'ഗജാസ്ത്രം' റെഡി

elephant-drone-gajastra

തൃശൂർ: വന്യജീവി സംഘർഷം പതിവായ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസവാർത്ത. ആക്രമകാരികളായ ആനകളെ തളയ്ക്കാൻ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട. മയക്കുവെടി വിദ്യ ഇനി എളുപ്പം. ഡ്രോൺ ഉപയോഗിച്ച് മയക്കുവെടി വയ്ക്കാനുള്ള 'ഗജാസ്ത്രം" തയ്യാർ. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ആനചികിത്സാരംഗത്തുള്ള ഡോ. പി.ബി.ഗിരിദാസാണ് ഡ്രോണിൽ ആശയം വികസിപ്പിച്ചത്. ഇന്നലെ തൃശൂരിലെത്തിയ ഉപരാഷ്ട്രപതി സംവിധാനം ഉദ്ഘാടനം ചെയ്തു. ഡമ്മികളിൽ മയക്കുവെടിവച്ച് നോക്കിയുള്ള പരീക്ഷണം വിജയമാണെന്നും ആവശ്യമായ ഘട്ടത്തിൽ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും ഡോ. പി.ബി.ഗിരിദാസ് കേരളകൗമുദിയോട് പറഞ്ഞു.

എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയാണ് ഇദ്ദേഹം സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒമ്പത് ലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിക്കായി സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ് ധനസഹായം നൽകിയത്. തമിഴ്‌നാട് ആസ്ഥാനമായ ഗരുഡ കമ്പനിയുടെ ഡ്രോൺ,​ പറവട്ടാനി സ്വദേശിയായ ഇന്റീരിയർ ഡിസൈനർ സി.ജി.വിനോദ് കുമാറിന്റെ സഹായത്തോടെയാണ് രൂപാന്തരപ്പെടുത്തിയത്.

തൃശൂർ ജില്ലാ മൃഗസംരക്ഷണ മുൻ ഓഫീസർ ഡോ. അജിത് ബാബു, അസി. ഡയറക്ടർ ഡോ. മനോജ് മാത്യു, എസ്.പി.സി.എ ഇൻസ്‌പെക്ടർ ഇ.അനിൽ എന്നിവരും പദ്ധതിയിൽ സഹായിച്ചു.

ഗജാസ്ത്രം

500 മീറ്റർ അകലെ നിന്ന് കൃത്യതയോടെ മയക്കുവെടി വയ്ക്കാവുന്നതാണ് ഗജാസ്ത്രം. റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ മയക്കുവെടിക്കുള്ള ക്യാപ്ചർ ഗണ്ണും സിറിഞ്ചും മരുന്നും അടക്കം ഒരുക്കും. മൊബൈൽ സ്‌ക്രീനിൽ ആനയെ കണ്ട് റിമോട്ട് കൺട്രോൾ കൊണ്ട് വെടിവയ്ക്കാമെന്നതാണ് പ്രത്യേകത. മൊബൈലുമായി ബന്ധിപ്പിച്ച ജി.പി.എസ് സിസ്റ്റവും ക്യാമറയും വഴി കൃത്യത ഉറപ്പാക്കി ഫലപ്രദമായി ഉപയോഗിക്കാം.

 അക്രമകാരിയായ ആനയുടെ അടുത്തെത്തി മയക്കുവെടി വയ്ക്കുകയെന്നത് എളുപ്പമല്ല. ഗജാസ്ത്രം അതിനൊരു പരിഹാരമാണ്.

-ഡോ. പി.ബി.ഗിരിദാസ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA