
ന്യൂഡൽഹി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ,മകൾ ടി. വീണ,മരുമകൻ മുഹമ്മദ് റിയാസ് എന്നിവരെ ഹൈക്കോടതി കേൾക്കണം. മൂവരുടെയും അപ്പീൽ കേൾക്കേണ്ടതില്ലെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. അത് തെറ്റായ നടപടിയെന്നും ചൂണ്ടിക്കാട്ടി.
അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ച സാഹചര്യത്തിൽ നിബന്ധമായും അപ്പീൽ കേൾക്കണമായിരുന്നു. അപ്പീലിനായി വിജിലൻസ് അന്വേഷണം പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്‌തു. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. പ്രാഥമികാന്വേഷണം വേണമെന്ന നിലപാട് കോടതി തള്ളിയിട്ടും എന്തുകൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയില്ലെന്ന ചാേദ്യവും സുപ്രീംകോടതി ഉന്നയിച്ചു.
വിജിലൻസ് എഫ്.ഐ.ആറിലോ, ഇ.ഡിയുടെ ഇ.സി.ഐ.ആറിലോ ഇടപെട്ടില്ല. ഇവ സ്റ്റേ ചെയ്യാനും അറസ്റ്റ് തടയാനും ഹൈക്കോടതിയിൽ ആവശ്യപ്പെടാം. ഹൈക്കോടതി സ്വതന്ത്രമായി തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ പ്രത്യേക അവധിക്കാല ബെഞ്ച് നിർദേശിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് പറയാൻ കുറ്റാരോപിതന് അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിലപാടെടുത്തിരുന്നു. ഹൈക്കോടതിയിലെ ഹർജിക്കാരനായ കെ.എം. ഷാജഹാനും ഇ.ഡിയും ഇക്കാര്യം ഇന്നലെ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. പിണറായി,വീണ,മുഹമ്മദ് റിയാസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്തുകൊണ്ട് ഇടപെടൽ
ഷാജഹാന്റെ ഹർജിയിൽ പിണറായി അടക്കം കക്ഷികൾ അല്ലാത്തതിനാൽ കേസ് ബാധിക്കുന്നവരെല്ലെന്ന് ഡിവിഷൻ ബെഞ്ച് നിലപാടെടുത്തിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ കേസെടുക്കാൻ പറഞ്ഞെങ്കിലും ഇവരുടെ പേരില്ല.അതിനാൽ കേൾക്കേണ്ടതില്ലെന്നാണ് ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ, ഇ.ഡി റിപ്പോർട്ടിൽ ഇവരുടെ പേര് പറഞ്ഞിരിക്കുന്നതിനാൽ ഇവരെത്തന്നെയാണ് കേസ് ബാധിക്കുന്നതെന്ന് സുപ്രീംകോടതി നിലപാടെടുത്തു
ഇ.ഡി സർക്കാരിന് കൈമാറിയ വിവരങ്ങളാണ് കേസിന് അടിസ്ഥാനം. എഫ്.ഐ.ആർ വിജിലൻസ് സ്വമേധയാ രജിസ്റ്റർ ചെയ്‌തതല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്നാണ്. അതിനാൽ അപ്പീൽ നൽകാൻ കക്ഷികൾക്ക് അവകാശമുണ്ട്
ഹൈക്കോടതി
പരിഗണിക്കേണ്ടത്
1 മുൻ മുഖ്യമന്ത്രിക്കതിരെ അന്വേഷണത്തിന് മുൻകൂർ പ്രോസിക്യൂഷൻ അനുമതി ആവശ്യമുണ്ടോ?
2 ഇ.ഡി വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിജിലൻസ് എഫ്.ഐ.ആറിന് നിയമസാധുതയുണ്ടോ?
ഇ.ഡിക്ക് അതിർവരമ്പുണ്ട്
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 66(2) പ്രകാരം വിവരങ്ങൾ സർക്കാരിനെ അറിയിച്ചു. പിന്നീട് സർക്കാരും അവിടത്തെ ഏജൻസികളുമാണ് നിയമപ്രകാരം പ്രവർത്തിക്കേണ്ടത്. അവരുടെ അന്വേഷണത്തിൽ ഇ.ഡി കൈകടത്തേണ്ടതില്ല. അതിനുള്ള അധികാരവുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |