SignIn
Kerala Kaumudi Online
Monday, 25 May 2026 7.37 AM IST

'പുരുഷനുമുണ്ട് അന്തസ്': യുവതിയുടെ ഹർജി അനുവദിച്ച് ഹൈക്കോടതി

high-court

കൊച്ചി: സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും അന്തസും ആത്മാഭിമാനവുമുണ്ടെന്ന് ഹൈക്കോടതി. പുരുഷന്റെ അന്തസ് ഹനിക്കപ്പെടുമ്പോൾ സമൂഹം അയാൾക്കൊപ്പം നിൽക്കണം. വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരുമാറ്റാൻ നിർദ്ദേശിക്കണമെന്ന ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

തൃശൂർ സ്വദേശിയായ യുവതിയും രണ്ടാം ഭർത്താവുമാണ് ഹർജി നൽകിയത്. ഇല്ലെങ്കിൽ എട്ടുവയസുകാരിയായ കുട്ടിയുടെ പഠനം മുടങ്ങുമെന്നായിരുന്നു വാദം. പരാതിക്കാരിക്ക് ആദ്യ ഭർത്താവിൽ മകനുണ്ട്. എന്നാൽ അദ്ദേഹം ബംഗളൂരുവിൽ ജോലി ചെയ്യുമ്പോൾ, ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായി. അവർക്ക് ഒരു പെൺകുഞ്ഞും പിറന്നു.

ഇതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെങ്കിലും കുട്ടിയെ ആദ്യ ഭർത്താവ് തന്നെ സംരക്ഷിച്ചു. എന്നാൽ രണ്ടാമത്തെ കുട്ടിയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. ആദ്യ ഭർത്താവുമായി വിവാഹമോചനവും നേടി. ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരു തിരുത്താൻ കോടതി ഉത്തരവടക്കം രജിസ്ട്രാർ മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്. ഇതേത്തുടർന്നാണ് യുവതിയും രണ്ടാം ഭർത്താവും കുട്ടിയും ഹർജി നൽകിയത്.

സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരു മാറ്രാൻ ഹർജിക്കാർ പുതിയ അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട അതോറിട്ടി 30 ദിവസത്തിനകം നിയമപരമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

 ആദ്യ ഭർത്താവ് മാന്യനെന്ന് കോടതി

സംഭവത്തിന് പിന്നിൽ ദൗർഭാഗ്യവാനായ ആദ്യ ഭർത്താവിന്റെ ധർമ്മസങ്കടമുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടി തന്റേതല്ലെങ്കിലും ജനനസർട്ടിഫിക്കറ്റിൽ നിന്ന് പേരു നീക്കണമെന്ന് ആഭ്യഭർത്താവ് ആവശ്യപ്പെട്ടില്ല. ഭാര്യയുടെ വഴിവിട്ട ബന്ധം അറിഞ്ഞിട്ടും ആറു വർഷം ഇവരെയും കുട്ടിയെയും സംരക്ഷിച്ചു. ഇവരെ കാണാതായപ്പോൾ തന്റെ ഭാര്യയും മകളുമെന്ന് വ്യക്തമാക്കി പൊലീസിൽ പരാതി നൽകി. പിതൃത്വ തർക്കം സമൂഹമറിഞ്ഞാൽ കുഞ്ഞിനു ദോഷമാകുമെന്ന് കണ്ട് അദ്ദേഹം മൗനം പാലിച്ചു. ഇതെല്ലാം ആദ്യ ഭർത്താവിന്റെ മാന്യതയാണ്. ഹർജിക്കാരുടെ വാദത്തിൽ വിശ്വാസ്യതയില്ല. വിവാഹബന്ധം നിലനിൽക്കേ ഹർജിക്കാരി മറ്റൊരാൾക്കൊപ്പം കഴിഞ്ഞത് ധാർമ്മികമായും നിയമപരമായും ഉചിതമായില്ല. മൈനറായ കുട്ടിയുടെ പേരു വെളിപ്പെടുത്തുന്നവിധം അവർ ഹർജി നൽകി. കുഞ്ഞിന്റെ പിതാവ് മറ്റൊരാളാണെന്ന് സ്കൂൾ അധിതർ എങ്ങനെ അറിഞ്ഞെന്നും കോടതി ചോദിച്ചു. ഹർജിക്കാർ അനുകമ്പ അർഹിക്കുന്നില്ലെങ്കിലും യുവതിയുടെ ആദ്യ ഭർത്താവ് പുലർത്തിയ മാന്യതയും കുട്ടിയുടെ ഭാവിയും കണക്കിലെടുത്ത് അനുകൂലമായി വിധിക്കുകയാണെന്നും കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA