SignIn
Kerala Kaumudi Online
Monday, 25 May 2026 8.15 AM IST

സംസ്ഥാന സർവകലാശാലകളിൽ മികവിൽ കുസാറ്റ് ഒന്നാമത്

p

തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് 2025ൽ സർവകലാശാലകളിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) ഒന്നാമത്. എം.ജി യൂണിവേഴ്‌സിറ്റി രണ്ടാമതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മൂന്നാമതുമെത്തി. ദേശീയ റാങ്കിംഗിൽ ആറാമതുള്ള കേരള സർവകലാശാല റാങ്കിംഗിന് അപേക്ഷിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ദേശീയ റാങ്കിംഗിൽ ആറാമതാണ് കുസാറ്റ്.

കോളേജുകളുടെ റാങ്കിംഗിൽ എറണാകുളം രാജഗിരി കോളേജും എൻജിനിയറിംഗ് കോളേജിൽ കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രവും മാനേജ്‌മെന്റ് റാങ്കിംഗിൽ എറണാകുളം രാജഗിരി ബിസിനസ് സ്‌കൂളും ഒന്നാമതെത്തി. നഴ്‌സിംഗ് കോളേജിൽ മലപ്പുറം മിംസ് കോളേജ് ഒഫ് നഴ്‌സിംഗും അദ്ധ്യാപക പരിശീലന സ്ഥാപനങ്ങളിൽ കോഴിക്കോട് ഫറൂഖ് ട്രെയിനിംഗ് കോളേജും കാർഷിക കോളേജിൽ വെള്ളായണി കാർഷിക കോളേജുമാണ് ഒന്നാമത്. സർവകലാശാലാ വിഭാഗത്തിലെ ഒന്നാം റാങ്കിന് അഞ്ച് ലക്ഷത്തിന്റെ മുഖ്യമന്ത്രിയുടെ അവാർഡും മറ്റ് ഓരോ വിഭാഗങ്ങളിലെയും ഒന്നാം റാങ്കുകാർക്ക് രണ്ട് ലക്ഷം വീതമുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അവാർഡും നൽകും.

കെ.ഐ.ആർ.എഫ് എന്നാൽ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ തലത്തിൽ ആദ്യ നൂറ് സ്ഥാനങ്ങളിലേക്കും, അന്താരാഷ്ട്ര റാങ്കിംഗിൽ ആദ്യ 500 സ്ഥാനങ്ങളിലേക്കും എത്തിക്കാനാണ് കെ.ഐ.ആർ.എഫ് റാങ്കിംഗ് നടപ്പാക്കുന്നത്. സർവകലാശാലകൾ, കോളേജുകൾ, എൻജിനിയറിംഗ്, മാനേജ്‌മെന്റ്, നഴ്‌സിംഗ്, ഫാർമസി, ടീച്ചർ എഡ്യുക്കേഷൻ, കൃഷിയും അനുബന്ധവും എന്നിങ്ങനെയായിരുന്നു റാങ്കിംഗ്. 51.3 ശതമാനവും പൊതുമേഖലയിൽ നിന്നായിരുന്നെന്നും 109 സർക്കാർ സ്ഥാപനങ്ങളും (21 ശതമാനം), 157 എയ്ഡഡ് സ്ഥാപനങ്ങളും (30.3ശതമാനം), 253 സ്വയംഭരണ സ്ഥാപനങ്ങളും (48.7ശതമാനം) ഇതിൽ ഉൾപ്പെടുന്നുവെന്നും മന്ത്രി ഡോ.ബിന്ദു വിശദീകരിച്ചു.

ആകെ റാങ്കിംഗിൽ

519 സ്ഥാപനങ്ങൾ

11 സർവകലാശാല

275 ആർട്‌സ് ആൻഡ് സയൻസ് കോളേജ്

93 എൻജിനിയറിംഗ് കോളേജ്

10 ഫാർമസി കോളേജ്.

സർവകലാശാല റാങ്കിംഗ് (നാല് മുതൽ)

4 കേരള കാർഷിക സർവകലാശാല
5 വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല
6 കണ്ണൂർ യൂണിവേഴ്‌സിറ്റി
7 കാലടി ശ്രീശങ്കരാചാര്യ
8 എറണാകുളം ന്യുവാൽസ്
9 തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല
10 കേരള ഡിജിറ്റൽ സർവകലാശാല
11 ശ്രീനാരായണഗുരു സർവകലാശാല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA