SignIn
Kerala Kaumudi Online
Monday, 25 May 2026 8.19 AM IST

ആര്യവൈദ്യ ഫാർമസി കുടുംബാംഗത്തിന്റെ കൊല , നേപ്പാളി സ്വദേശി വേലക്കാരിക്കും കൂട്ടാളികൾക്കുമായി തെരച്ചിൽ

kasthuri

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാര്യരുടെ മകൾ കസ്തൂരി ജി. കുട്ടിയുടെ (83) കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്ന് കരുതുന്ന നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. വീട്ടുജോലിക്കാരി സുർജ റോകേയും മറ്റു നാലുപേരും ഒരു ബാഗുമായി വീട്ടുമതിൽ ചാടുന്നതിന്റെ സിസി ടി.വി ദൃശ്യങ്ങൾ കോയമ്പത്തൂർ പൊലീസിന് ലഭിച്ചു. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനാണ് സാദ്ധ്യത. കസ്തൂരി ധരിച്ചിരുന്ന രണ്ടു പവൻ മാല നഷ്ടപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിൽ കസ്തൂരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച് കട്ടിലിൽക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മകൻ ഡോ. രാംകുമാർകുട്ടിക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മകൻ വിദേശ യാത്രയിലായതിനാൽ സുർജ മാത്രമാണ് കസ്തൂരിക്കൊപ്പം ഉണ്ടായിരുന്നത്. മാസങ്ങൾക്കു മുമ്പാണ് ഏജൻസി വഴി സുർജയെ ജോലിക്ക് നിറുത്തിയത്.

വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച് നഗറിൽ താമസിക്കുന്ന മകൾ ഫോണിൽ വിളിച്ചപ്പോൾ മറുപടി കിട്ടിയില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. അവർ വന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. രാമനാഥപുരം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. ആറംഗ പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്.

ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എ.വി.പി ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എ.വി.പി ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബയ്).

അക്രമികൾക്ക് വാതിൽ

തുറന്നുകൊടുത്തു
സി.സി ടിവി പരിശോധിച്ചപ്പോൾ രാത്രി 12.15ന് മൂന്നുപേർ ഫ്ളാറ്റിൽ വന്നതായി കണ്ടെത്തി. അരമണിക്കൂറിനകം ഇവർ തിരിച്ചുപോവുകയും ചെയ്തു. സുർജ വാതിൽ തുറന്നു കൊടുക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ മൊബൈൽഫോൺ വീടിന് സമീപത്തുനിന്ന് കണ്ടെത്തി. മതിൽ ചാടുന്നതിനിടെ വീണതാകാമെന്ന് പൊലീസ് പറഞ്ഞു. അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA