
തിരുവമ്പാടി ദേവസ്വം
ഭാരവാഹികൾ പ്രതിപ്പട്ടികയിൽ
റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥ തലത്തിലെ ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ കുറ്റക്കാരാക്കിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. എ.ഡി.ജി.പി എം.ആർ അജിത്കുമാറടക്കം ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശ് ഡി.ജി.പിക്ക് കൈമാറി.
തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരടക്കം ഇക്കൂട്ടത്തിലുണ്ട്. കോൺഗ്രസ്, സി.പി.എം, ബി.ജെ.പി പ്രവർത്തകരുമുണ്ടെന്നാണ് വിവരം. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, കലാപാഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുക, ഗൂഢാലോചന അടക്കം കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയെന്നും അറിയുന്നു.
2024 ഒക്ടോബറിൽ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കൈമാറിയത്. റിപ്പോർട്ട് ഡി.ജി.പി ഇന്ന് ആഭ്യന്തര അഡി.ചീഫ്സെക്രട്ടറിക്ക് കൈമാറും. കഴിഞ്ഞ ഫെബ്രുവരിയിൽ അന്വേഷണം സംഘം ക്രൈംബ്രാഞ്ച് മേധാവിക്കു റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ആരെയൊക്കെ പ്രതിയാക്കണമെന്നതിൽ തീരുമാനമാകാത്തതിനാൽ സർക്കാരിന് കൈമാറിയിരുന്നില്ല.
'പൊലീസിന്റേത്
നിയമപരമായ നടപടി'
പൂരം അലങ്കോലപ്പെടുത്തലിൽ ഉദ്യോഗസ്ഥ, പൊലീസ് തലത്തിൽ ഗൂഢാലോചനയോ വീഴ്ചയോ ഇല്ലെന്ന് കണ്ടെത്തൽ. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ല.
തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയത്. തിരക്കു നിയന്ത്രിക്കാൻ കെട്ടിയിരുന്ന വടംചിലർ മറികടന്നപ്പോൾ പൊലീസ് ലാത്തി കാട്ടി തിരിച്ചുകയറ്റുക മാത്രമാണ് ചെയ്തത്. ആരെയും അടിച്ചിട്ടില്ല
നിയമപരമായ നടപടികൾ പൂർത്തിയാക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പൂരം കലക്കാനുള്ള ഗൂഢാലോചനയിൽ പൊലീസിന് പങ്കില്ല
കളക്ടറുടെയും പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗങ്ങളിലെടുത്ത തീരുമാനങ്ങൾ തിരുവമ്പാടി ദേവസ്വം പാലിച്ചില്ല. അവരുടെ ഏകപക്ഷീയ നിലപാടുകളാണ് ആശയക്കുഴപ്പത്തിനും തർക്കത്തിനും കാരണമായത്.
പാറമേക്കാവ്
സഹകരിച്ചു
പാറമേക്കാവ് ദേവസ്വം പൊലീസുമായി സഹകരിച്ചുവെന്നും റിപ്പോർട്ടിൽ. തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ട ചിലരുടെ രാഷ്ട്രീയ ബന്ധവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് സൂചന. ആദ്യം അന്വേഷണം നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത്കുമാറും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയാണു റിപ്പോർട്ട് നൽകിയിരുന്നത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരെടുത്തു കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |