SignIn
Kerala Kaumudi Online
Monday, 25 May 2026 9.30 AM IST

ചന്ദ്രനിൽ കൂടു കൂട്ടാനൊരു യാത്ര, ആർട്ടെമിസ് ഇന്ന് പുറപ്പെടും

artmeis

തിരുവനന്തപുരം: മനുഷ്യനെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള ചന്ദ്രൻ. 54 വർഷങ്ങൾക്കുശേഷം ചന്ദ്രനെ കാണാനും അവിടെ കൂടുകൂട്ടാനും ലക്ഷ്യമിട്ട് മനുഷ്യൻ യാത്ര തിരിക്കുന്നു. പത്തുദിവസത്തെ ചരിത്ര യാത്ര. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.54ന് യു.എസിലെ ഫ്ളോറിഡയിൽ നിന്ന് നാല് യാത്രക്കാരുമായി ആർട്ടെമിസ് 2 ദൗത്യം പുറപ്പെടും. കാലാവസ്ഥാ തടസങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ നേരിട്ടാൽ, വിക്ഷേപണം ഏപ്രിൽ ആറ് വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിവച്ചേക്കാം.

ആർട്ടെമിസ് 2 യാത്രികർ ചന്ദ്രനിലിറങ്ങില്ല. പകരം,​ ദൗത്യത്തിലെ ഒറിയോൺ പേടകം യാത്രികരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ ഭ്രമണം ചെയ്യും. 10 ദിവസത്തിനുള്ളിൽ തിരിച്ചെത്തും. വിജയിച്ചാൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ മറ്റ് നാല് പേർ ചന്ദ്രനിൽ ഇറങ്ങും. ആർട്ടെമിസ് 3, 2028ൽ ഉണ്ടായേക്കും.

2022ൽ ആർട്ടെമിസ് 1 ദൗത്യത്തിൽ ഒറിയോൺ പേടകം മനുഷ്യരില്ലാതെ ചന്ദ്രനെ ചുറ്റി തിരിച്ചെത്തിയിരുന്നു. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.

# ഒറിയോൺ സംഘം

കമാൻഡർ റീഡ് വൈസ്‌മാൻ,​ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ യാത്രികർ

 ഒരു ചാന്ദ്ര ദൗത്യത്തിൽ സഞ്ചാരികളായി ഒരു സ്ത്രീയേയും (ക്രിസ്റ്റീന)​ കറുത്ത വംശജനെയും (ഗ്ലോവർ )​ തിരഞ്ഞെടുക്കുന്നത് ആദ്യം

 ചന്ദ്രദൗത്യത്തിൽ പങ്കാളിയാകുന്ന അമേരിക്കൻ പൗരനല്ലാത്ത ആദ്യ വ്യക്തിയാണ് ഹാൻസൻ (കാനഡ)

# മൂന്ന് ദിവസം യാത്ര

മൂന്ന് ദിവസം യാത്ര ചെയ്താണ് ഒറിയോൺ ചന്ദ്രന്റെ അടുത്തെത്തുക. അവിടെ നാലു ദിവസം. മൂന്ന് ദിവസം യാത്ര ചെയ്ത് തിരികെ ഭൂമിയിലേക്ക്. ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങൾ പരീക്ഷിക്കും. ബഹിരാകാശ വികിരണങ്ങൾ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കും. ഭൂമിയിലേക്ക് തിരിക്കുംമുമ്പ് ഒരു തവണ ചന്ദ്രനെ പേടകം വലംവയ്ക്കും. യാത്രികർ ചന്ദ്രോപരിതലത്തിൽ നിന്ന് 7600 കിലോമീറ്റർ അടുത്തു വരെയെത്തും.

# കാണാം തത്സമയം


വിക്ഷേപണത്തിന് ഒരു മണിക്കൂർ മുമ്പ് തത്സമയ സംപ്രേഷണം തുടങ്ങും. നാസ പ്ലസ്, നാസ ടിവി പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബിലും കാണാം.

# ചന്ദ്രനിൽ താവളം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനിൽ മനുഷ്യ സാന്നിദ്ധ്യമുള്ള ഒരു താവളം ഒരുക്കാനാണ് ആർട്ടെമിസ് പദ്ധതിയുടെ ലക്ഷ്യം. സ്പേസ് സ്റ്റേഷൻ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണെങ്കിൽ ചന്ദ്രൻ നാലു ലക്ഷം കിലോമീറ്റർ അകലെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ARTEMIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360