SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 AM IST

മണിക്കൂറുകൾക്കകം ആ സന്തോഷവാർത്ത വന്നേക്കാം; ഇറാൻ ചർച്ചകളിൽ പോസിറ്റീവ് പുരോഗതിയെന്ന് യുഎസ്

marco-rubio

ന്യൂഡൽഹി: ഇറാനുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളിൽ വഴിത്തിരിവുണ്ടാകുമെന്ന സൂചന നൽകി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അടുത്ത ഏതാനും മണിക്കൂറിൽ ലോകത്തിന് ചില നല്ല വാർത്തകൾ വന്നേക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.


നിലവിൽ ഹോർമൂസ് കടലിടുക്കിലെ സാഹചര്യങ്ങളും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നതായാണ് യുഎസ് വിദേശകാര്യ സെക്രട്ടറി നൽകുന്ന സൂചന. 'അടുത്ത മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇറാന്റെ ആണവായുധങ്ങളെക്കുറിച്ച് മറ്റ് രാജ്യങ്ങൾക്കുള്ള ഭീതി ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ നിലവിലെ ശ്രമങ്ങൾ സഹായിക്കും,'-റൂബിയോ പറഞ്ഞു.


ഇന്ത്യയും യുഎസും ചേർന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ, അമേരിക്കയുടെ 'ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളികളിൽ ഒന്നാണ്' ഇന്ത്യയെന്ന് മാർക്കോ റൂബിയോ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വെറുമൊരു നയതന്ത്ര സഹകരണത്തിനപ്പുറമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ജനാധിപത്യ മൂല്യങ്ങളിലും സമാനമായ തന്ത്രപ്രധാന താല്പര്യങ്ങളിലുമാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യങ്ങളുടെ താല്പര്യങ്ങൾ ഒത്തുപോവുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ തന്ത്രപരമായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് അതിനെ യഥാർത്ഥ 'തന്ത്രപ്രധാന പങ്കാളിത്തം' എന്ന് വിളിക്കാൻ കഴിയുന്നതെന്നും റൂബിയോ വ്യക്തമാക്കി.


സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ജനാധിപത്യ സർക്കാരുകൾ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും യുഎസ് വിദേശകാര്യ സെക്രട്ടറി സംസാരിച്ചു. 'ജനാധിപത്യ രാജ്യങ്ങളിൽ പ്രതിപക്ഷ പാർട്ടികളും സ്വതന്ത്ര മാദ്ധ്യമങ്ങളും ജനകീയ പരിശോധനകളും ഉണ്ടാകും. നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും ഒടുവിൽ നമ്മളെ തിരഞ്ഞെടുത്ത ജനങ്ങളോട് വിശദീകരിക്കാൻ ബാദ്ധ്യസ്ഥരാണ്.' റൂബിയോ പറഞ്ഞു.

ഈ ജനാധിപത്യ ഘടന തന്നെയാണ് പല ആഗോള വിഷയങ്ങളിലും ഇന്ത്യയെയും അമേരിക്കയെയും പരസ്പരം അടുപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ മോഹങ്ങളെക്കുറിച്ചുള്ള ആശങ്കകളും മേഖലയിലെ സംഘർഷങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, RUBIO, MARCO, IRAN US, LATESNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360