SignIn
Kerala Kaumudi Online
Monday, 25 May 2026 9.32 AM IST

ആശങ്കയിൽ ഗൾഫ്: വ്യവസായ കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ

pic

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരവേ, ഗൾഫ് രാജ്യങ്ങളിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. യു.എ.ഇയിലെ അബുദാബിയിൽ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം പ്ലാന്റിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തെ തുടർന്ന് കാര്യമായ നാശനഷ്ടമുണ്ടായെന്ന് സ്ഥിരീകരിച്ചു. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ നിരവധി ജീവനക്കാർക്ക് പരിക്കേറ്റു.

ബഹ്റൈൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അലൂമിനിയം ബഹ്റൈന്റെ മാമീറിലെ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ അലൂമിനിയം ഉരുക്കൽ കേന്ദ്രങ്ങളിലൊന്നാണിത്,​

ഇതിനിടെ, ആക്രമണ സാദ്ധ്യതയുള്ളതിനാൽ കപ്പലുകൾ യെമൻ തീരം ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ സമുദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി. ഇറാന് പിന്തുണയറിയിച്ച് യെമനിലെ ഹൂതി വിമതർ ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. ഇവർ മേഖലയിലൂടെ പോകുന്ന കപ്പലുകളെയും ആക്രമിച്ചേക്കും. അതേ സമയം, ടെഹ്റാനിൽ റെവല്യൂഷണറി ഗാർഡിന്റെ താത്കാലിക കമാൻഡ് സെന്ററുകൾ തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു.

 കെമിക്കൽ പ്ലാന്റിൽ ആക്രമണം

തെക്കൻ ഇസ്രയേലിലെ നിയോട്ട് ഹോവാവിൽ കെമിക്കൽ പ്ലാന്റിന് നേരെ ഇറാന്റെ മിസൈലാക്രമണം. ആളപായമില്ല. എന്നാൽ അപകടകരമായ രാസവസ്തുക്കൾ വായുവിലേക്ക് ചോരാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

# ബുഷെഹറിൽ

സാഹചര്യം ഗുരുതരം

 ഇറാനിലെ ബുഷെഹർ ആണവ നിലയത്തിൽ സാഹചര്യം ഗുരുതരമെന്ന് റഷ്യ. നിലവിൽ റിയാക്ടറുകൾക്ക് കേടുപാടോ ആണവ ചോർച്ചയോ ഇല്ല. റഷ്യയുടെ സഹകരണത്തോടെയാണ് നിലയത്തിന്റെ പ്രവർത്തനം. നിലയത്തിന് സമീപം ഒന്നിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

 ഇറാനിലെ ഇസ്ഫഹാൻ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജിക്ക് നേരെ യു.എസ് - ഇസ്രയേൽ ആക്രമണം. 4 ജീവനക്കാർക്ക് പരിക്ക്. ഹോർമോസ്ഗൻ പ്രവിശ്യയിലെ തുറമുഖത്തിലുണ്ടായ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി കപ്പലുകൾ തകർന്നു

 ഖത്തർ ആസ്ഥാനമായുള്ള ടെലിവിഷൻ നെറ്റ്‌വർക്ക് അൽ അറബിയുടെ ടെഹ്റാനിലെ ഓഫീസിന് നേരെയുണ്ടായ മിസൈലാക്രമണത്തിൽ 10 പേർക്ക് പരിക്ക്

 തെക്കൻ ഇസ്രയേലിന് നേരെ ഇറാന്റെ ശക്തമായ ആക്രമണം. റഡാർ, എയർപോർട്ട് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് ഇറാൻ

 അറബിക്കടലിലുള്ള യു.എസിന്റെ എബ്രഹാം ലിങ്കൺ വിമാനവാഹിനിയെ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

 യു.എസിന്റെ ഡ്രോണും എഫ് - 16 യുദ്ധവിമാനവും വെടിവച്ചിട്ടെന്ന് ഇറാന്റെ അവകാശവാദം. പ്രതികരിക്കാതെ യു.എസ്

 ബഹ്റൈന്റെ സമുദ്രപരിധിയിൽ രാത്രികാല ഗതാഗതത്തിന് നിരോധനം. വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് നിയന്ത്രണം

 ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ ഇറാന്റെ ആക്രമണ ശ്രമം തകർത്തു

 ലെബനനിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷം. മൂന്ന് മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ ഹിസ്ബുള്ള ബന്ധമുള്ള അൽ - മനാർ ടിവി ചാനലിന്റെ റിപ്പോർട്ടർ എന്ന് ഇസ്രയേൽ. തെക്കൻ ലെബനനിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 9 ആരോഗ്യ പ്രവർത്തകർ എന്ന് ലോകാരോഗ്യ സംഘടന

 പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ, തുർക്കി, ഈജിപ്റ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇസ്ലാമാബാദിൽ ചേർന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360