SignIn
Kerala Kaumudi Online
Monday, 25 May 2026 7.47 AM IST

കുട്ടികൾക്ക് അഭയ കേന്ദ്രമായി സി.ഡബ്ല്യു.സി ആറു മാസത്തിനിടെ അഭയം നൽകിയത് 69 പേർക്ക്

1
1

കൊച്ചി: വിവിധ കേസുകളിൽപ്പെട്ടും നാടുവിട്ടും മറ്റ് പ്രശ്‌നങ്ങളിൽപ്പെട്ടും പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികൾക്ക് അഭയ കേന്ദ്രമായി തൃശൂർ (ചൈൽഡ് വെൽഫെയർ കമ്മിറ്റി) സി.ഡബ്ല്യു.സി. ആറ് മാസം കൊണ്ട് അഭയം നൽകിയത് 69 കുട്ടികൾക്ക്. അതിൽ ഏറെയും പെൺകുട്ടികളാണ്.
പോക്‌സോ കേസുകൾ, വിവിധ കാരണങ്ങളാൽ കുട്ടികളെ നോക്കാൻ പ്രാപ്തരല്ലാത്ത മാതാപിതാക്കളുള്ളവർ, ട്രെയിനുകളിൽ അന്യസംസ്ഥാനത്ത് നിന്ന് നാടുവിട്ടെത്തുന്നവർ, മാതാപിതാക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ടവർ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് ഇതിലുള്ളത്.
ജുഡീഷൽ അധികാരങ്ങളുള്ള സി.ഡബ്ല്യു.സി ഇത്തവണ ജില്ലയിൽ അധികാരമേറ്റത് 2025നവംബർ അഞ്ചിനാണ്. അന്ന് മുതലാണ് ഇത്രയേറെ കുട്ടികൾക്ക് അഭയം നൽകിയത്. ഈ ആറു മാസത്തിനിടെ 439 കേസുകളാണ് ആകെ പരിഗണിച്ചത്. 421 എണ്ണത്തിനും തീർപ്പ് കൽപ്പിക്കുകയും ചെയ്തു. ഈ ആറു മാസ കാലയളവിൽ 22 കുട്ടികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കേസുകൾ ഉൾപ്പെടെയാണ് സി.ഡബ്ല്യു.സിക്ക് മുന്നിലെത്തുന്നത്. പ്രായപൂർത്തിയാകുന്നതിന് മുന്നേ വിവാഹിതരായവരും അമ്മമാരാകേണ്ടിയും വന്നവർ തുടങ്ങിയ കേസുകളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിലേറെയും.

ദശക ശേഷം മാതാപിതാക്കളെയും കുടുംബത്തെയും കണ്ടെത്തി
പത്ത് വർഷത്തിന് ശേഷം കുട്ടികളുടെ മാതാപിതാക്കളെയും കുടുംബത്തെയും കണ്ടെത്തിയതാണ് ഈ കാലയളവിലെ ശ്രദ്ധേയ സംഭവം. 2016 ഒക്ടോബറിൽ വീരമണി, ശാന്ത എന്നീ ദമ്പതികളുടെ അജിത്, ഗോവിന്ദ് എന്നീ കുട്ടികളെ ചൈൽഡ് ലൈൻ തൃശൂർ സി.ഡബ്ല്യു.സി മുഖാന്തരം ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുട്ടികൾ ഇവിടെയായിരുന്നു. കുട്ടികളുടെ ആധാറോ ഫോൺ നമ്പറോ ലഭ്യമായിരുന്നില്ല. മാതാപിതാക്കൾ 10 വർഷമായി കുട്ടികളെ അന്വേഷിച്ചിട്ടില്ല. പിന്നീട് സ്ഥാപനം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ബന്ധുക്കൾക്കായി അന്വേഷണമായി. കുട്ടികൾ തമിഴ്‌നാട്ടിലെ നെയ്‌വേലി സ്വദേശികളാണെന്നും ഇവരുടെ ബന്ധുക്കളുടെ വിവരങ്ങളും കണ്ടെത്തുകയായിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി

അദ്ധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങളടങ്ങിയ ജുഡീഷ്യൽ ബോഡി

ആവശ്യമെങ്കിൽ കുട്ടിക്ക് അഭയകേന്ദ്രവും ഒരുക്കും

സമിതി തീരുമാനങ്ങളിന്മേൽ അപ്പീൽ പോകാവുന്നത് കുട്ടികളുടെ കോടതിയിൽ

ചുമതലകൾ

കേസുകൾ പരിഗണിക്കണം, മൊഴിയെടുക്കണം, തീരുമാനമെടുക്കണം

കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ, അഭയകേന്ദ്രം നിശ്ചയിക്കൽ

നേരിട്ട് വിലയിരുത്തൽ, നഷ്ടപരിഹാരം നിശ്ചയിക്കൽ, ആശുപത്രികൾ സന്ദർശിക്കൽ, പൊലീസ് ഏകോപനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL