SignIn
Kerala Kaumudi Online
Monday, 25 May 2026 10.22 AM IST

വേനൽ മഴയെത്തി, വിതുര മേഖലയിൽ വൈദ്യുതി മുടക്കം

വിതുര: വേനൽ മഴയെത്തിയതോടെ മലയോരമേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലാണ് വൈദ്യുതി തടസം കൂടുതലായുള്ളത്. പകലും, രാത്രിയിലുമായി അനവധി തവണ വൈദ്യുതി വിതരണം നിലയ്ക്കുകയാണ് പതിവ്. വ്യാപാരികളും ബുദ്ധിമുട്ടിലാണ്.

തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ ആനപ്പെട്ടി, കന്നുകാലിവനം, മണലയം, ഉണ്ടപ്പാറ, പൊൻപാറ പ്രദേശങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ ദിവസം നിരവധി തവണ വൈദ്യുതിവിതരണം നിലച്ചു. അപ്രഖ്യാപിത പവർകട്ടെന്നാണ് ആക്ഷേപം. കുടിവെള്ളവിതരണവും തടസപ്പെട്ടു. മാത്രമല്ല മുന്നറിയിപ്പില്ലാതെയുള്ള മുടക്കത്തിൽ, വൈദ്യുതിയെ ആശ്രയിച്ച കച്ചവടക്കാരും പ്രതിസന്ധിയിലാണ്.

മിക്ക മേഖലകളിലും വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലുള്ളതിനാൽ കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ കേടായതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. തൊളിക്കോട്,വിതുര ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്.

വൈദ്യുതിവകുപ്പിനും നാശനഷ്ടം

വിതുര പഞ്ചായത്തിലെ വിതുര കലുങ്ക് ജംഗ്ഷൻ,കല്ലാർ,ബോണക്കാട്,പേപ്പാറ,ആനപ്പാറ, തലത്തൂതക്കാവ്,കല്ലൻകുടി,ചെമ്പിക്കുന്ന്,ആറാനക്കുഴി, പേപ്പാറ,പട്ടൻകുളിച്ചപാറ,കാലൻകാവ് തള്ളച്ചിറ, ശാസ്താംകാവ് മേഖലകളിലും വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും വൈദ്യുതിവിതരണം തടസപ്പെടുന്നുണ്ട്. മഴയും കാറ്റും എത്തിയതോടെയാണ് വൈദ്യുതിതടസം അനുഭവപെട്ടത്. കാറ്റത്ത് വ്യാപകമായി മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും ലൈനുകൾക്ക് മീതെ പതിക്കുന്നുണ്ട്. മിക്ക മേഖലകളിലും വൈദ്യുതിലൈനുകളും പൊട്ടിവീഴും. വൈദ്യുതിവകുപ്പിനും കനത്ത നാശനഷ്ടമുണ്ട്.

വൈദ്യുതിവകുപ്പ് ജീവനക്കാർ‌ അക്ഷീണം പ്രയത്നിച്ച് ലൈൻ നന്നാക്കിയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL