SignIn
Kerala Kaumudi Online
Monday, 25 May 2026 8.43 AM IST

ഒരാഴ്ചത്തെ കാത്തിരിപ്പ്; കല്ലാട്ടുമുക്കിൽ വെള്ളമെത്തി

മണക്കാട് മേഖലയിൽ പലയിടത്തും പകൽ വെള്ളമില്ല
തിരുവനന്തപുരം: അടിക്കടി വാട്ടർ അതോറിട്ടിയുടെ ജലവിതരണം മുടങ്ങുന്ന കല്ലാട്ടുമുക്ക് പ്രദേശത്ത് ഒരാഴ്ചയ്ക്കുശേഷം വെള്ളമെത്തി. ഒരാഴ്ചയായി കല്ലാട്ടുമുക്ക്,കുത്തുകല്ലിൻമൂട് മേഖലയിലെ 700 ഓളം കുടുംബങ്ങൾക്കാണ് കുടിവെള്ള വിതരണം പൂർണമായി നിലച്ചിരുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാർ പലതവണ വാട്ടർ അതോറിട്ടി ഓഫീസിലും ജനപ്രതിനിധികളെയും വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പ്രദേശവാസികളിൽ ചിലർ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെയും മന്ത്രി ശിവൻകുട്ടിയേയും വിഷയം ധരിപ്പിച്ചു. വാട്ടർ അതോറിട്ടി ടെക്‌നിക്കൽ മെമ്പർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി. ഇതിനുശേഷമാണ് വാട്ടർ അതോറിട്ടി കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് നിയമിച്ച് അറ്റകുറ്റപ്പണികൾക്ക് നടപടി സ്വീകരിച്ചത്. ശനിയാഴ്ച രാവിലെയെത്തിയ ഉദ്യോഗസ്ഥർ റോഡ് കുഴിച്ച് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ നിന്നുള്ള കണക്ഷൻ കല്ലാട്ടുമുക്കിലെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തേക്കുള്ള ലൈനിൽ ബന്ധിപ്പിച്ച് ജലവിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.

അവഗണനയെന്ന് പരാതി

മണക്കാട്, കല്ലാട്ടുമുക്ക്,കളിപ്പാംകുളം മേഖലകളിൽ വാട്ടർ അതോറിട്ടിയുടെ ജലവിതരണം സംബന്ധിച്ച പരാതികൾ പതിവാണ്. പരാതികൾ വ്യാപകമാകുമ്പോൾ മാത്രം വാൽവുകൾ ക്രമീകരിക്കുകയും അറ്റകുറ്റപ്പണികൾക്ക് തയാറാവുകയുമാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. ചില പ്രദേശങ്ങളിൽ രാത്രി മാത്രമാണ് വെള്ളം ലഭിക്കുന്നത്. വെള്ളം ശേഖരിച്ചുവയ്ക്കാൻ സംവിധാനമില്ലാത്തവർ ഇതുമൂലം ബുദ്ധിമുട്ടിലാകുന്നു. മണക്കാട് എം.എൽ.എ റോഡ്, അണ്ണിക്കവിളാകം ഭാഗങ്ങളിൽ ജലവിതരണം സംബന്ധിച്ച് ഉയരുന്ന പരാതികൾ അധികൃതർ തുടർച്ചയായി അവഗണിക്കുന്നതായും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL