SignIn
Kerala Kaumudi Online
Monday, 25 May 2026 6.55 AM IST

ആറന്മുളയിൽ ബി.ജെ.പിക്ക് നിരാശ

bjp

പത്തനംതിട്ട : ജില്ലയിലെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ ആറന്മുളയിൽ മുതിർന്ന നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാൻ കഴിയാത്തത് പ്രവർത്തകരിൽ നിരാശ സൃഷ്ടിച്ചു. മത്സര രംഗത്തേക്കില്ലെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പാർട്ടിനേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കുമ്മനം ആറന്മുളയിൽ മത്സരത്തിനെത്തിയത്. ഇക്കുറി 34,983 വോട്ടാണ് ലഭിച്ചത്. 2016ൽ എം.ടി.രമേശ് മത്സരിച്ചപ്പോൾ 37,906 വോട്ട് ലഭിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ദുർബല സ്ഥാനാർത്ഥിയായ ന്യൂനപക്ഷ മോർച്ച നേതാവ് ബിജു മാത്യു മത്സരിച്ചപ്പോൾ 29,099 വോട്ടായി കുറഞ്ഞു. ബി.ജെ.പിക്ക് ശക്തമായ വോട്ടടിത്തറയുള്ള മണ്ഡലത്തിൽ ത്രികോണ മത്സരത്തിലൂടെ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടിനേതൃത്വം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5884 വോട്ടുകൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞെങ്കിലും 2016ൽ ലഭിച്ച വോട്ട് നേടാൻ കഴിഞ്ഞില്ല. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി അബിൻ വർക്കി കൊടിയാട്ടിന് 70,083 വോട്ടാണ് ലഭിച്ചത്. ഈ വോട്ടിന്റെ പകുതിപോലും നേടാൻ കഴിയാതിരുന്നത് പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ വീണാജോർജ്ജിന് 51,098 വോട്ട് ലഭിച്ചു. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിച്ചിട്ടും 40,000 വോട്ടുപോലും നേടാൻ കഴിയാതിരുന്നത് വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL