SignIn
Kerala Kaumudi Online
Monday, 25 May 2026 8.41 AM IST

കൊണ്ടും കൊടുത്തും മുന്നണി മുന്നേറ്റം

vote

പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം മുറുക്കി മുന്നണികൾ മുന്നേറുകയാണ്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പോരാട്ടം ശക്തം. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ഒപ്പത്തിനൊപ്പം കുതിക്കുന്നു. എതിരാളികൾക്ക് നേരെ ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇത്തവണ വിഷയങ്ങളേറെ. സംസ്ഥാനത്തിനകത്ത് ചർച്ച ചെയ്യുന്ന വിഷയങ്ങളാണ് ഇത്തവണ പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. പ്രവർത്തകർക്ക് വീര്യംപകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയും ജില്ലയിൽ പര്യടനം നടത്തി. എൻ.ഡി.എ പ്രചാരണത്തിന് ആക്കംകൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാലിന് തിരുവല്ലയിൽ എത്തും. പിന്നാേട്ടുപോയ ശബരിമല സ്വർണക്കൊള്ള വിവാദത്തെ ജില്ലയിലെത്തിയ രാഹുൽ ഗാന്ധി വീണ്ടും ടോപ് ഗിയറിലേക്ക് എത്തിച്ചു. സ്വർണം കട്ടവനാരപ്പാ... എന്നു പാടി ജനങ്ങളെ ഇളക്കിമറിച്ചു. സി.പി.എം - ബി.ജെ.പി ഡീൽ ആരോപണവും ഉയർത്തി. രണ്ടും സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. സ്വർണം കട്ടവർ രാഹുലിന്റെ വീട്ടിൽ കയറിയത് എങ്ങനെ എന്ന മറുചോദ്യവുമായി മുഖ്യമന്ത്രി അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ തിരിച്ചടിക്കുന്നു. ഡീൽ ആരോപണം ദേശീയ തലത്തിൽ ഇന്ത്യാസഖ്യത്തിന് ഉലച്ചിലുണ്ടാക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി മുന്നറിയിപ്പ് നൽകി.

എത്ര സീറ്റുകൾ നേടും?

കൊണ്ടും കൊടുത്തും മുന്നേറുമ്പോൾ മുന്നണികൾ ജില്ലയിൽ എത്ര സീറ്റ് നേടും എന്ന ചർച്ചയും കൊഴുക്കുന്നു. അഞ്ച് സീറ്റുകളും നിലനിറുത്തുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ അഞ്ചും ഇത്തവണ തിരിച്ചുപിടിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ എന്ന് സ്വയം ചോദിച്ച് യു.ഡി.എഫ് അരയും തലയും മുറുക്കി പ്രചാരണം കനപ്പിക്കുന്നു. ജില്ലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം.

ചൂടിൽ തളർന്ന്

വേന മഴ രണ്ടുമൂന്ന് ദിവസം അങ്ങിങ്ങായി പെയ്തത് കത്തുന്ന ചൂടിനെ ശമിപ്പിച്ചില്ല. ഉച്ചവെയിലിൽ വിയർത്തൊലിക്കുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്ക് സ്വീകരണ പരിപാടികൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ആരും വകവയ്ക്കുന്നില്ല. സ്വീകരണ പരിപാടികൾക്ക് സമയക്കുറവ് ഉള്ളതിനാൽ എല്ലാ പഞ്ചായത്തിലും എത്താൻ നെട്ടോട്ടമോടുമ്പോൾ കത്തുന്ന വെയിൽ ആർക്കും പ്രശ്നമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL