SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.58 AM IST

ഉറക്കം നഷ്ടപ്പെട്ട് ആദിവാസി കുടുംബം ഒരുകാറ്റ് മതി,​ ഈ വീട് പൊളിയാൻ

news
വേങ്ങാട് നഗറിലെ പ്രജീഷിന്റെയും ശ്രുതിയുടെയും വീട്‌

നിലമ്പൂർ: ഏത് നിമിഷവും നിലംപൊത്താറായ വീട്ടിലാണ് ചാലിയാ‌ർ പെരുമ്പത്തൂർ വേങ്ങാട് ആദിവാസി ഊരിലെ പ്രജീഷും ഭാര്യ ശ്രുതിയും കഴിയുന്നത്. ചെറിയ കാറ്റോ മഴയോ വന്നാൽ കൈക്കുഞ്ഞിനെയും എടുത്ത് സുരക്ഷിത സ്ഥലം നോക്കി ഓടണം. വീട് നിർമ്മാണത്തിലെ ക്രമക്കേട് മൂലം തറ വരെ ഇളകി കിടക്കുന്നുണ്ട്. ചുമരുകളിൽ വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മേൽക്കൂര എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഓടുകൾ പൊട്ടി മഴവെള്ളം വീണ് വീടിന്റെയുള്ളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാതിൽ കട്ടിലകൾ അടർന്നു വീഴുന്ന സ്ഥിതിയിലുമാണ്. ഈ അവസ്ഥ കണ്ട് ഭയന്ന് പ്രജീഷിന്റെ മാതാപിതാക്കളായ ശങ്കരനും കണക്കിയും പുഴയുടെ തീരത്തുള്ള പാറയുടെ മുകളിലാണ് രാത്രിയിൽ കഴിച്ചുകൂട്ടുന്നത്.

2008ൽ ആഢ്യൻപാറ ടൂറിസം കേന്ദ്രത്തിന്റെ വിപുലീകരണാർത്ഥം ശങ്കരനും കണക്കിയുമടക്കം ഏഴോളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ചാലിയാർ പഞ്ചായത്ത് ഉത്തരവിട്ടു. കുടുംബങ്ങൾ ഇതിനു തയ്യാറായില്ലെങ്കിലും നിയമ നടപടികളിലൂടെ ഇവരെ ഒഴുപ്പിച്ചു. തുടർന്ന് മറ്റൊരിടത്ത് പഞ്ചായത്ത് നാല് സെന്റിൽ വീട് നിർമ്മിച്ചുനൽകിയെങ്കിലും കുടിവെള്ളവും വൈദ്യുതിയടക്കം ഇവിടെയില്ല. നിർമ്മാണം പൂർത്തിയാക്കി ഒരുവർഷം പൂർത്തിയാവും മുമ്പെ തന്നെ പല വീടുകൾക്കും വിള്ളൽ വീണു. ചില വീടുകളും പൊളിഞ്ഞുവീണു. മൂന്നു വീടുകൾ സർക്കാർ പുതുതായി നിർമ്മിച്ചുനൽകിയെങ്കിലും ഇതും ഇപ്പോൾ വാസയോഗ്യമല്ല.


എത്തിനോക്കാതെ പ്രമോട്ടർമാർ
ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട പ്രമോട്ടർമാർ വേങ്ങാട് നഗറിലേക്ക് വരാറേയില്ല. റേഷൻ സൗജന്യമാണെങ്കിലും പ്രജിഷിനും കുടുംബത്തിനും റേഷൻ കാർഡോ, തിരിച്ചറിയൽ രേഖകളോയില്ല. വീട്ടുനമ്പർ വീട് പോലും വീട് നിർമ്മിച്ച കോൺട്രാക്ടറുടെ പേരിലാണന്ന് ഇവർ പറയുന്നു. എപ്പോഴെങ്കിലും കിട്ടുന്ന കൂലിപ്പണിയെ മാത്രം ആശ്രയിച്ചാണ് ഈ കുടുംബം ജീവിക്കുന്നത്. സർക്കാർ വീട് നൽകുമെന്ന വിശ്വാസത്തിലാണ് ഇവർ കഴിയുന്നത്.


പ്രജിഷിന്റെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഞ്ചായത്തിൽ ഉന്നയിക്കും.

നസ്രിയ, വാർഡ് മെമ്പർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL