SignIn
Kerala Kaumudi Online
Monday, 25 May 2026 7.47 AM IST

കൊടുംചൂടിൽ വാടി വളർത്തു മൃഗങ്ങളും

കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ മാസം 24 വരെ ചത്തത് 22 വളർത്തു മൃഗങ്ങൾ

കൊല്ലം: കൊടും വേനൽ വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി. കഴിഞ്ഞ ഫെബ്രുവരി മുതൽ ഈ മാസം 24 വരെ 22 വളർത്തുമൃഗങ്ങൾ 'ഹീറ്റ് സ്ട്രോക്ക്' മൂലം ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കറവപ്പശുക്കളും ആടും കിടാരിയും എല്ലാം ഇതിൽ ഉൾപ്പെടും. കറവപ്പശുകൾ മാത്രം 16 എണ്ണമാണ് ചത്തത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ മേയ് വരെ 13 വളർത്തുമൃഗങ്ങൾ ചത്തു. ചൂട് കൂടുന്നത് മൃഗങ്ങളിലും പക്ഷികളിലും വ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഫാമുകളിലെ കന്നുകാലികളെക്കാൾ വേനൽച്ചൂട് പ്രതികൂലമായി ബാധിക്കുന്നത് മേയാൻ വിടുന്നവയെയാണ്. ചൂട് കനക്കുന്നതോടെ പാൽ ഉത്പാദനവും ഗണ്യമായി കുറയും. പൂച്ച, നായ്ക്കൾ, പക്ഷികൾ തുടങ്ങിയവയുടെ പരിപാലനവും ശ്രദ്ധിക്കണം.

കഴിഞ്ഞ വർഷം മാർച്ചിലാണ് വളർത്തുമൃഗങ്ങൾ ഹീറ്റ് സ്ട്രോക്ക് മൂലം ചത്ത വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ തന്നെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു.

വേണം അടിയന്തര വൈദ്യസഹായം


 ജില്ലയിലെ എല്ലാ മൃഗാശുപത്രികളും ചികിത്സയ്ക്ക് സജ്ജമാണ്

 ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവൻ രക്ഷാ മരുന്നുകളും ശേഖരിച്ചു

 ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി കർഷകർക്കും പൊതുജനങ്ങൾക്കും നൽകി

 മൃഗാശുപത്രികളിൽ ചികിത്സയ്ക്ക് എത്തിക്കുന്ന മൃഗങ്ങൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കും

വാഹനങ്ങളിൽ കൊണ്ടുവരുന്നവയുടെ ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കും

കരുതലുണ്ടാവണം

 ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്
 പരമാവധി പച്ചപ്പുല്ല് നൽകുക

 മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണം

 തൊഴുത്തിൽ കാറ്റ് കയറാനുള്ള സംവിധാനം വേണം

 ഇടയ്ക്കിടെ ശരീരത്തിൽ വെള്ളമൊഴിച്ച് തണുപ്പിക്കണം

ബ്രോയിലർ കോഴികൾക്ക് ചകിരിച്ചോറാണ് നല്ല തറവിരി

 നായ്ക്കൾക്കും പൂച്ചകൾക്കും തീറ്റ പലതവണകളായി നൽകുക
 ആഹാരത്തിൽ തൈരോ ജീവകം സി യോ ഉൾപ്പെടുത്തുക
 ദിവസവും ദേഹം ബ്രഷ് ചെയ്യുക
 കുടിക്കാൻ ധാരാളം വെള്ളം നൽകുക.

ചത്ത മൃഗങ്ങളുടെ എണ്ണം

2025 (മാർച്ച് 12- മെയ് 19), 2026 ( ഫെബ്രുവരി 18- ഏപ്രിൽ 24)

 കറവപ്പശു: 11, 16

 കിടാരി: 0, 3

 കാളകുട്ടി: 1, 1

 എരുമ: 0, 1

 എരുമക്കിടാവ്: 1, 0

 ആട്: 0, 1

താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്.എം.എസ് വഴിയുള്ള മുന്നറിയിപ്പ് കർഷകർക്ക് ലഭ്യമാക്കുന്നതിന് സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട് . ഇതുപ്രകാരം സംസ്ഥാനത്തെ 5 ലക്ഷത്തിൽ പരം കർഷക ഭവനങ്ങളുടെ ലൊക്കേഷനുകൾ വകുപ്പ് മാപ്പ് ചെയ്തിട്ടുണ്ട്- ഡോ. ഡി.ഷൈൻകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL