SignIn
Kerala Kaumudi Online
Monday, 25 May 2026 8.43 AM IST

കൊല്ലം പി​ടി​ക്കാൻ പോരാട്ടം

കൊല്ലം: മന്ത്രിമാരുടെ മണ്ഡലമെന്ന ഖ്യാതിയുള്ള കൊല്ലത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നിർണായകമാണ്. ആർ.എസ്.പിയുടെ കരുത്തുറ്റ കോട്ടയായിരുന്ന ഇവിടെ 2006ൽ സി.പി.എം അക്കൗണ്ട് തുറന്നതോടെയാണ് രാഷ്ട്രീയ ചിത്രത്തിൽ മാറ്റങ്ങൾ പ്രകടമായത്. പത്തുവർഷമായി നടൻ എം. മുകേഷിലൂടെ ഇടതുകോട്ടയായി മണ്ഡലം നിലകൊള്ളുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിൽ വന്ന ഇടിവ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിച്ചെങ്കിലും കൊല്ലം അസംബ്ലി മണ്ഡല പരിധിയിൽ ആകെ വോട്ടിൽ മേൽക്കൈ നിലനിറുത്താനായത് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു.
മണ്ഡലത്തിൽ ആർ.എസ്.പിയാണ് കൂടുതൽ തവണ വിജയിച്ചിട്ടുള്ളത്. പല ഘട്ടങ്ങളിലായി രണ്ട് മുന്നണികളുടെയും ഭാഗമായി നിന്നായി​രുന്നു വി​ജയം. കഴിഞ്ഞ മൂന്ന് പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിൽക്കുന്ന കൊല്ലം, നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതിനൊപ്പം ചേരുന്നതാണ് കാഴ്ച. കോർപ്പറേഷൻ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കി ബി.ജെ.പിയും കൊല്ലത്ത് വേരുകൾ ശക്തമാക്കിയിട്ടുണ്ട്. കോർപ്പറേഷനിലെ ഇരുപതിലധികം ഡിവിഷനുകളും പനയം, തൃക്കടവൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊല്ലം മണ്ഡലം.

വികസനവും വി​ഷയങ്ങളും


രാഷ്ട്രീയത്തിനപ്പുറം നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനമാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയം. എം.എൽ.എ ഫണ്ടിൽ നിന്ന് 56 കോടി വിനിയോഗിച്ചു മണ്ഡലത്തിൽ വികസനങ്ങൾ നടപ്പിലാക്കി. തങ്കശ്ശേരി ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനം, മണ്ഡലത്തിലെ 9 സ്കൂളുകളിലായി 35 കോടി രൂപ ചെലവിൽ ഹൈടെക്ക് കെട്ടിടങ്ങൾ തുടങ്ങി മുകേഷ് എം.എൽ.എ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ മുൻ നിറുത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. അതേസമയം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണത്തിലെ കാലതാമസവും യു.ഡി.എഫ് ഉയർത്തുന്നു.

സ്ഥാനാർത്ഥി ചിത്രം

 എസ്. ജയമോഹൻ (എൽ.ഡി.എഫ്)

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറി​യറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്. 2016 മുതൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ. കാഷ്യു കോർപ്പറേഷൻ ചെയർമാൻ.

 ബിന്ദു കൃഷ്ണ (യു.ഡി.എഫ്)

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. അഭിഭാഷകയാണ്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസിന്റെ ഏക ദേശീയ ഉപാദ്ധ്യക്ഷ, സംസ്ഥാന അദ്ധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചു.

 ഡോ. എൻ. പ്രതാപ് കുമാർ (ബി.ജെ.പി)

കൊല്ലം മെഡിട്രീന ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് എം.ഡിയാണ്. രാജ്യത്ത് ഏറ്റവുമധികം ആൻജി​യോപ്ലാസ്റ്റി സർജറികൾ ചെയ്ത ഡോക്ടർമാരിൽ ഒരാളാണ്. അന്തർദേശീയ തലത്തിലുള്ള കാർഡിയോളജി സംഘടനകളിൽ അംഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL